അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം എന്നത് വളരെ പ്രധാനമാണ്.

എന്‍ജിനീയറിംഗിലും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും വന്‍മുന്നേറ്റമാണ് നമ്മുടെ രാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് മലയാളിയായ എന്‍ജിനീയര്‍ ആണ്. ഇത്തരത്തില്‍ ഒട്ടേറെ എന്‍ജിനീയര്‍മാര്‍ നമ്മുടെ രാജ്യത്ത് നിന്നും പഠനം പൂര്‍ത്തിയാക്കി വിവിധ മേഖലകളിലും രാജ്യങ്ങളിലും ശോഭിക്കുന്നുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ എന്‍ജിനീയറിഗ് മേഖലയിലേക്ക് വിദ്യാര്‍ഥികളുടെ തള്ളിക്കയറ്റമാണ്.

കുട്ടികള്‍ക്ക് എന്‍ജിനീയറിംഗ് സീറ്റ് നേടിക്കൊടുക്കാനുള്ള മത്സരം രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതും ഇതിന്റെ ഭാഗമായി കാണാവുന്നതാണ്. കേരളത്തിന്റെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വാശ്രയ മേഖലകളിലായി 100 ല്‍പ്പരം കോളജുകളിള്‍ 30 ലധികം ബ്രാഞ്ചുകളിലാണ് എന്‍ജിനീയറിംഗ് കോഴ്‌സുകളുള്ളത്. സ്വന്തം കഴിവിനും അഭിരുചിക്കുമനുസരിച്ചൊരു കോഴ്‌സ് തെരഞ്ഞെടുക്കുന്നതാണ് ഏറെ ഉചിതം.

എട്ട് സെമസ്റ്ററുകളിലായി നാല് വര്‍ഷം ദൈര്‍ഘ്യമുള്ള എന്‍ജിനീയറിംഗ് കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് മാനദണ്ഡമാക്കിയാണ് പ്രവേശനം. ആദ്യ രണ്ട് സെമസ്റ്ററുകളില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഗ്രാഫിക്‌സ്, മെക്കാനിക്‌സ്, ബേസിക് സിവില്‍ എന്‍ജനീയറിംഗ്, ബേസിക് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ബേസിക് ഇലക്ട്രിക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് എന്നീ പേപ്പറുകളുണ്ടാകും. മൂന്നാം സെമസ്റ്റര്‍ മുതല്‍ തെരഞ്ഞെടുത്ത ബ്രാഞ്ചിനനുസരിച്ചാണ് പഠന വിഷയം. ബ്രാഞ്ചുകളുടെ മാറ്റത്തിനനുസരിച്ച് ഒന്നോ രണ്ടോ വിഷയങ്ങള്‍ മാത്രമാണ് വ്യത്യസ്തമാകുക.


യോഗ്യതകള്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തുല്യമെന്ന് അംഗീകരിച്ച മറ്റേതെങ്കിലും കോഴ്‌സുകളോ വിജയിച്ചിരിക്കണം. ഗണിതശാസ്ത്രത്തില്‍ 50% മാര്‍ക്കുണ്ടായിരിക്കണം. ഗണിതശാസ്ത്രം, ഫിസിക്‌സ്, കെമിസ്ട്രി / ബയോ ടെക്‌നോളജി / ജീവശാസ്ത്രം / കംമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ മൊത്തമായി 50% മാര്‍ക്കുണ്ടായിരിക്കണം. ന്യൂനപക്ഷ പിന്നാക്ക വിഭാഗക്കാര്‍ക്ക് മാര്‍ക്കിളവ് ലഭിക്കും.

സിവില്‍/ആര്‍ക്കിടെക്ചര്‍ എന്‍ജിനീയറിംഗ്, സേഫ്റ്റി ആന്റ് ഫയര്‍ എന്‍നീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, കെമിക്കല്‍ എന്‍ജിനീയറിംഗ്, മെക്കാട്രോണിക്‌സ് എന്‍ജിനീയറിംഗ്, പ്രൊഡക്ഷന്‍ ഇന്‍ പ്ലാസ്റ്റിക് ആന്റ് മോള്‍ഡ് ടെക്‌നോളജി, ഓട്ടോ മൊബൈല്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആന്റ് പ്രൊഡക്ഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, മെഡിക്കല്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ്, ടെലികമ്യൂണിക്കേഷന്‍ ടെക്‌നോളജി, അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് തുടങ്ങിയ എന്‍ജിനീയറിംഗ് ഡിപ്ലോമ ഉള്ളവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയിലൂടെ മൂന്നാം സെമസ്റ്റര്‍ ബി. ടെക്. കോഴ്‌സിന് ചേരാന്‍ അവസരമുണ്ട്. ആര്‍കിടെക്ചര്‍ എന്‍ജിനീയറിംഗ് 5 വര്‍ഷമാണ് ദൈര്‍ഘ്യം. ഈ കോഴ്‌സിന് ദേശീയ അടിസ്ഥാനത്തിലുള്ള National Aptitude Test in Architecture (NATA) ലൂടെയാണ് പ്രവേശനം. സേഫ്റ്റി ആന്റ് ഫയര്‍ എന്‍ജിനീയറിംഗ് ബ്രാഞ്ച് കേരളത്തില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (കുസാറ്റ്)യില്‍ മാത്രമാണുണ്ടായിരുന്നത്. വേറെ ചില കോളേജ്കളിലും ഈ അടുത്ത് വന്നിട്ടുണ്ട്.

എന്‍ജിനീയറിംഗിലെ പുതുശാഖകള്‍

ഒട്ടേറെ പുത്തന്‍ശാഖകളുമായി പടര്‍ന്നു പന്തലിക്കുകയാണ് എന്‍ജിനിയറിങ് അഭിരുചികള്‍ക്കൊത്ത സ്ട്രീമുകള്‍ തിരഞ്ഞെടുക്കുന്നതിലാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ബയോമെഡിക്കല്‍, മെക്കാട്രോണിക്‌സ്, മറൈന്‍ എന്‍ജിനീയറിങ്, നനോ ടെക്‌നോളജി, സൗണ്ട് എന്‍ജിനിയറിങ്, മീഡിയ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, സിവില്‍ എന്‍ജിനീയറിങ് കോഴ്‌സുകള്‍ക്ക് സാധ്യതയേറെയുണ്ട്. പ്രതിവര്‍ഷം 80 ലക്ഷത്തോളം എന്‍ജിനീയറിങ് ബിരുദധാരികളാണ് പഠിച്ചിറങ്ങുന്നത്. ഇവരില്‍ ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെ മികച്ച തൊഴില്‍ ലഭിക്കുന്നവരുണ്ട്. GATE പരീക്ഷ എഴുതി എം.ടെക്കിന് പഠിക്കാനും CAT എഴുതി ഐ.ഐ.എമ്മില്‍ പഠിക്കാനും വിദ്യാര്‍ഥികള്‍ തയ്യാറെടുത്ത് വരുന്നുണ്ട്. കൂടാതെ ബിസിനസ് സ്‌കൂളില്‍ എംബിഎയ്ക്കും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവരും ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയെഴുതി വിദേശത്ത് എം.എസ്സിന് ശ്രമിക്കുന്നവരുമുണ്ട്. B. ed എടുത്തു അദ്ധ്യാപകരാവുന്നവരും വിരളമല്ല. തൊഴില്‍ ലഭ്യത ഉറപ്പു വരുത്താന്‍ മൂല്യ വര്‍ധിത കോഴ്‌സുകള്‍ ആവശ്യമാണ്. അഡ്വാന്‍സ്ഡ് ഐ.ടി മാനുഫാക്ചറിങ്, ഡിസൈന്‍ തുടങ്ങിയ മേഖലകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് യിലെ ബിരുദാനന്തര പ്രോഗ്രാമുകള്‍ മികച്ച തൊഴില്‍ ഉറപ്പു വരുത്തും.

ആര്‍ക്കിടെക്ചറല്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് അര്‍ബന്‍ ഡിസൈന്‍, ഇന്‍വയണ്‍മെന്റില്‍ പ്ലാനിങ്, റീജനല്‍ പ്ലാനിങ് ആന്‍ഡ് അര്‍ബന്‍ പ്ലാനിങ്, ഹൗസിങ്, ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ്, ലാന്‍ഡ്‌സ്‌കേപ്പ് ആര്‍കിടെക്ചര്‍, ബില്‍ഡിങ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റ്, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ എന്നിവയിലും കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റിലും ബിരുദാനന്തര ഡിഗ്രി, ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. ബി.ടെക് സിവില്‍, ആര്‍കിടെക്ചര്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

ഫാര്‍മസ്യൂട്ടിക്കല്‍ എന്‍ജിനീയറിംഗ്

മനുഷ്യരാശിയെ വേദനയിലാഴ്ത്തി മരണത്തിലേയ്ക്ക് തള്ളി വിടുന്ന മാരകരോഗങ്ങള്‍ക്ക് ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന വിഭാഗമാണ് ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനീയര്‍മാര്‍. കുറഞ്ഞ ചെലവില്‍ മികച്ച ഫലമുണ്ടാക്കാന്‍ കഴിയുന്ന മരുന്നുകള്‍ കണ്ടെത്താന്‍ ഇവര്‍ ഗവേഷണം നടത്തുന്നു. കൂടാതെ ചികിത്സാരംഗത്തും ഭക്ഷ്യരംഗത്തും നവീന സാങ്കേതിക വിദ്യകള്‍ കണ്ടെത്തുന്നതിനും ഫാര്‍മസ്യൂട്ടിക്കല്‍ എന്‍ജിനീയര്‍മാര്‍ ശ്രമിക്കുന്നുണ്ട്. ഏറ്റവും വളര്‍ച്ചയുള്ള ഒരു വ്യവസായ രംഗമാണ് മരുന്നു വ്യവസായം. അതുകൊണ്ട് തന്നെ മികച്ച തൊഴില്‍ സാധ്യതയാണ് ഫാര്‍മസ്യൂട്ടിക്കല്‍ എഞ്ചിനീയര്‍മാര്‍ക്കുള്ളത്.

ഗാന്ധിയന്‍ എന്‍ജിനീയറിംഗ് (ഫ്രൂഗല്‍ എന്‍ജിനീയറിംഗ്)

ഫ്രൂഗല്‍ എന്‍ജിനീയറിംഗ് അഥവാ ഗാന്ധിയന്‍ എന്‍ജിനീയറിംഗ് എന്നാണ് ഗുണമേന്മയുള്ള ചെറുതുകളുടെ നിര്‍മ്മിതിക്ക് പൊതുവെ പറയുന്നത്. വെറും 300 രൂപ വിലയുള്ള സെല്‍ഫോണ്‍, ഒരു കൂളറിന്റെ അത്രമാത്രം വലുപ്പം വരുന്ന റഫ്രിജറേറ്റര്‍. ഇതൊക്കെയാണ് ഈ പുതിയ തൊഴില്‍ മേഖലയിലുള്ളവരുടെ ലക്ഷ്യങ്ങള്‍. ഗാന്ധിജി വിഭാവനം ചെയ്തപോലെ, പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ും താങ്ങാനാവുന്ന ഉല്‍പന്നങ്ങളുടെ രൂപകല്‍പന എന്‍ജിനീയറിംഗ് ആയതുകൊണ്ടാണ് ഈ വിളിപ്പേര് വന്നത്. നാനോ ടെക്‌നോളജിയുടെ വ്യാപനത്തോടെയാണ് ഗാന്ധിയന്‍ എന്‍ജിനീയറിഗിന് പ്രശസ്തി ഏറിയത്. ഫ്രൂഗല്‍ എന്‍ജിനീയറിംഗില്‍ പ്രത്യേക കോഴ്‌സുകള്‍ ലഭ്യമല്ല. മെക്കാനിക്കല്‍, സിവില്‍ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് എന്നിങ്ങനെ എന്‍ജിനീയറിംഗിന്റെ ഏത് ശാഖ പഠിക്കുന്നവര്‍ക്കും ചെലവ് കുറഞ്ഞ രീതിയില്‍ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാനോ അതേപ്പറ്റി ഗവേഷണം നടത്താനോ കഴിയുന്നെങ്കില്‍ ഈ മേഖലയില്‍ ശോഭിക്കാം.

ഇലക്ട്രിക്കല്‍ + മെക്കാനിക്കല്‍ + ഇലക്‌ട്രോണിക്‌സ് = മെക്കാട്രോണിക്‌സ്

ജോലി സാധ്യത വളരെ കൂടുതലുള്ള പഠനശാഖയാണ് മെക്കാട്രോണിക്‌സ്. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ് എന്നീ മൂന്നു ശാഖകളും സംയോജിപ്പിച്ച എന്‍ജിനീയറിംഗിലെ ഉപവിഭാഗമായ ഒരു കോഴ്‌സാണിത്. റോബോര്‍ട്ടിക്‌സ്, എയര്‍ക്രാഫ്റ്റ്‌സ്, എയ്‌റോ സ്‌പേസ്, ബയോമെഡിക്കല്‍ സിസ്റ്റം, ഓര്‍ത്തോപിക്‌സ് റിസര്‍ച്ച്, നാരോ ആന്റ് മൈത്രോടെക്‌നോളജി, ഓഷനോഗ്രഫി തുടങ്ങിയ നിരവധി മേഖലകളില്‍ ഈ എന്‍ജിനീയറിംഗ് ശാഖ പ്രയോജനപ്പെടുന്നു.

കേരളത്തില്‍ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ (NTTF) തലശ്ശേരി, തിരുവനന്തപുരം, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളില്‍ കോഴ്‌സ് നല്‍കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ കോയമ്പത്തൂര്‍, ധാര്‍വാഡ്, തൂത്തുക്കുടി, ജംഷഡ്പൂര്‍, ഗോപാല്‍പുര്‍ എന്നിവിടങ്ങളിലാണ് NTTF കേന്ദ്രങ്ങള്‍. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ www. nttftrg.com വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളത്തിന് പുറത്ത് ഭാരതിയാര്‍, ശ്രീ രാമചന്ദ്ര, ഹൈദരാബാദ് ജവഹര്‍ലാല്‍ നെഹ്രു ടെക്‌നോളജിക്കല്‍, അണ്ണാമലൈ, യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ, ഹിന്ദുസ്ഥാന്‍, വിനായകമിഷന്‍സ് എന്നീ യൂണിവേഴ്‌സിറ്റികളില്‍ നാല് വര്‍ഷം ദൈര്‍ഘ്യമുള്ള BE മെക്കാട്രോണിക്‌സ് കോഴ്‌സുകള്‍ നിലവിലുണ്ട്. മധ്യപ്രദേശിലെ ബോജ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ 3 വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ മെക്കാട്രോണിക്‌സ് കോഴ്‌സുമുണ്ട്.