എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്‍റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള നിയുക്തി 2021,
മെഗാ ജോബ് ഫെയർ ഡിസംബർ 11 ന് കളമശ്ശേരി സെന്‍റ് പോള്‍സ് കോളേജിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണിവരെ നടക്കും.
മെഗാ ജോബ്‌ഫെയറിൽ ഉദ്യോഗാർഥികളെ തേടിയെത്തുന്നത് നൂറിലേറെ സ്വകാര്യ തൊഴിൽദായകർ. എഞ്ചിനീയറിംഗ് ടെക്നോളജി, ഐ.ടി, ആരോഗ്യം, ഓട്ടോ മൊബൈല്‍ വിദ്യാഭ്യാസം, ടെക്സ്റ്റൈല്‍സ്, സെയില്‍സ് & മാര്‍ക്കറ്റിംഗ് തുടങ്ങിയ സെക്ടറുകളിൽ നിന്നും 100 ൽ അധികം പ്രമുഖ സ്ഥാപനങ്ങള്‍ ജോബ് ഫെയറിൽ പങ്കെടുക്കും.
എസ്‌എസ്‌എൽസി മുതൽ ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ, ഐടിഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്കും തൊഴിൽപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ജോബ്‌ഫെയറിൽ പങ്കെടുക്കാം.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ എംപ്ലോയബിലിറ്റി സെന്റിലോ നേരത്തേ പേര് രജിസ്‌റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാം. എന്നാൽ, എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്‌റ്റർ ചെയ്‌തിട്ടുള്ളവർക്ക് എക്‌സ്ചേഞ്ച് സംസ്ഥാനത്ത് എവിടെയും സംഘടിപ്പിക്കുന്ന ചെറുതും വലുതുമായ തൊഴിൽമേളകളിലും പങ്കെടുക്കാനാകും. മെഗാ ജോബ്‌ഫെയറിനോടനുബന്ധിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്‌റ്റർ ചെയ്യാനും അവസരമൊരുക്കും. ഒറ്റത്തവണയായി 250 രൂപയാണ് ഫീസ്. മെഗാ ജോബ്‌ഫെയറിൽ പങ്കെടുക്കാൻ പ്രത്യേകഫീസ് ആരിൽനിന്നും വാങ്ങുന്നില്ലെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ ബെന്നി മാത്യു പറഞ്ഞു. സ്വകാര്യസംരംഭകരുടെ ചെറുതും വലുതുമായ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
എൻജിനിയറിങ് ടെക്‌നോളജി, ഐടി, ആരോഗ്യം, ഓട്ടോമൊബൈൽ, ടെക്‌സ്‌റ്റൈൽ, വിദ്യാഭ്യാസം, സെയിൽസ്, മാർക്കറ്റിങ് എന്നിങ്ങനെ വ്യത്യസ്‌ത മേഖലകളിലുള്ള തൊഴിൽദായകരാണ് ഉദ്യോഗാർഥികളെ അന്വേഷിക്കുന്നത്. ലുലു, ഭീമ ജ്വല്ലേഴ്‌സ്, മലബാർ ഗോൾഡ്, ജോയ് ആലുക്കാസ്, നിപ്പോൺ ടയോട്ട, ആസ്‌റ്റർ മെഡ്‌സിറ്റി, റിനൈ മെഡിസിറ്റി തുടങ്ങിയ വൻകിട സ്ഥാപനങ്ങൾ ജോബ്‌ഫെയറിന് എത്തുന്നുണ്ട്. നൂറിലേറെ കമ്പനികൾ ഇതിനകം രജിസ്‌റ്റർ ചെയ്‌തു. മൂവായിരത്തിലേറെപ്പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. തൊഴിൽദായകർക്കുള്ള സ്‌റ്റാളുകൾ ഉൾപ്പെടെ സൗകര്യങ്ങൾ സൗജന്യമായാണ് നൽകിവരുന്നതെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പറഞ്ഞു.
ഉദ്യോഗാർഥികൾക്ക് വേണ്ട യോഗ്യതയും തൊഴിൽപരിചയവും തൊഴിൽദായകർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്‌ത് ലോഗിൻ ചെയ്‌താൽ ഈ വിവരങ്ങൾ അറിയാം. രജിസ്ട്രേഷന്‍, പങ്കാളിത്തം എന്നിവ സൌജന്യമാണ്. ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ കാര്യങ്ങള്‍ക്കായി എംപ്ലോയബിലിറ്റി സെന്ററിൽ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്ക്കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. (0484 2422458) കൂടുതൽ വിവരങ്ങൾ കാക്കനാട് കലക്‌ടറേറ്റിലെ എംപ്ലോയബിലിറ്റി സെന്ററിലെ ഹെൽപ്പ് ഡെസ്‌കിലെത്തി നേരിട്ട് അറിയാം.
മൂവായിരത്തിലേറെപ്പേർക്ക് തൊഴിൽ ലഭിക്കുന്ന മെഗാ ജോബ്‌ഫെയർ 2015 മുതൽ സംഘടിപ്പിച്ചുവരുന്നുണ്ട്. കോവിഡ് കാരണം കഴിഞ്ഞവർഷം മുടങ്ങി. തൊഴില്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവർക്കും ഒരുപോലെ അവസരം ലഭിക്കും. വ്യവസായ നിയമ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, എറണാകുളം എം.പി, ജില്ലാ കളക്ടർ, മുനിസിപ്പല്‍ ചെയർ പേഴ്സൺ എന്നിവർ പങ്കെടുക്കും.