ആഗോള തലത്തിലെ പ്രമുഖ കമ്പനികൾ കണ്ണൂരിലേക്ക് എത്തുന്നത് വഴി പുതിയ വ്യാവസായിക അന്തരീക്ഷം കൂടിയാണ് കമ്പനികളുടെ മുന്നിലേക്ക് കോർപ്പറേഷൻ തുറന്നുവെക്കുന്നത്. കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളം യാഥാർഥ്യമായി. അന്താരാഷ്ട്ര രീതിയിലേക്ക് ചുവടുവെക്കുന്ന അഴീക്കൽ തുറമുഖവും ദേശീയപാത ആറുവരി പാതയുടെയും നിർമ്മാണവും ദ്രുതഗതിയില്‍ പൂർത്തി യായികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആഗോള ബ്രാൻഡുകൾക്ക് കണ്ണൂരിൽ നിക്ഷേപം നടത്താനുള്ള വാതിലുകള്‍ കൂടി ഗ്ലോബൽ ജോബ് ഫെയർ വഴി തുറക്കപ്പെടും. ഉയർന്ന വൈദഗ്ദ്ധ്യമുള്ള മനുഷ്യവിഭവശേഷിയുള്ള യുവതയാണ് കേരളത്തിലേത്. പ്രൊഫഷണല്‍ വിദ്യാഭ്യാസമടക്കം നേടിയിട്ടും മികച്ച അവസരങ്ങളിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുന്ന കേരളത്തിലെ ഉദ്യോഗാർഥികൾക്ക് ജോലി സാധ്യത ഉറപ്പാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
മുൻനിര ദേശീയ-അന്തർ ദേശീയ കമ്പനികളോടൊപ്പം അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസികളും മേളയിൽ പങ്കെടുക്കും. ഇന്ത്യയിലെയും വിദേശത്തെയും നൂറോളം ഉദ്യോഗദായകര്‍ പങ്കെടുക്കുന്ന മേളയിൽ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. പ്രവൃത്തി പരിചയം ഉള്ളവരെയും ഇല്ലാത്തവരെയും ഒരു പോലെ ലക്ഷ്യമിട്ടാണ് ജോബ് ഫെയര്‍ നടത്തുന്നത്. വ്യത്യസ്തമേഖലകളിലായി 1000ഓളം അവസരങ്ങള്‍ മേള വഴി ലഭിക്കും. തൊഴിലധിഷ്ഠിത എക്സ്പോ, എജ്യുക്കേഷന്‍ ആൻഡ് കരിയർ ഫെസ്റ്റിവൽ, ആഗോള തൊഴിൽ വിപണിയെ പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, പ്രസന്റേഷനുകൾ, കോർപ്പറേറ്റ് മേഖലയിലെ പ്രമുഖരുമായി മുഖാമുഖം, വിദേശങ്ങളില്‍ തൊഴിലിനൊപ്പം ഉപരിപഠനവും ആഗ്രഹിക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയ നിരവധി സെഷനുകളും ജോബ് ഫെയറിന്റെ ഭാഗമായി നടക്കും.
ഫിനാൻസ്, അഡ്മിനിസ്‌ട്രേഷൻ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, എജ്യൂക്കേഷന്‍, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, റീടെയില്‍, ഫുഡ് പ്രൊസസിങ്, മാനുഫാക്ചറിങ്, കണ്സ്ട്രക്ഷൻ , ഓട്ടോമൊബൈൽസ് , ടെക്സ്റ്റൈൽസ്, മീഡിയ, ജേണലിസം & കമ്യൂണിക്കേഷന്‍, ക്രിയേറ്റീവ് ജോലികൾ തുടങ്ങി നിരവധി മേഖലയിലെ തൊഴിലവസരങ്ങള്‍ ജോബ് ഫെയറിലൂടെ സാധ്യമാക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷന്‍, എഞ്ചിനീയറിങ്ങ്, നഴ്സിങ്ങ് തുടങ്ങിയ പ്രൊഫഷണല്‍ തൊഴിലവസരങ്ങളും ജോബ് ഫെയറിൽ ഒരുക്കും. കണ്ണൂരിലും ദുബൈയിലുമായി പ്രവർത്തിച്ചുവരുന്ന ബ്രാന്റ്ബേ മീഡിയയുടെ സഹകരണത്തോടെ യാണ് കോർപ്പറേഷൻ ഗ്ലോബല്‍ ജോബ് ഫെയർ ഒരുക്കുന്നത്.
ഉദ്യോഗാർത്ഥികൾക്ക് www.kannurglobaljobfair.com എന്ന വെസ്‌ബൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഇതുവരെ മൂവായിരത്തിലധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തു. പരിപാടിയുടെ വിജയത്തിനായി വിപുലമായ പ്രചരണ പരിപാടികളുമായി ക്യാമ്പയിൻ നടത്താനാണ് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. നഗരത്തിലെയും മറ്റും വിവിധ കോളജുകളില്‍ മേയറുടെ നേതൃത്വത്തിൽ പര്യടനം, വ്യാപാരികളെയും വ്യവസായികളെയും പങ്കെടുപ്പിച്ച് മുഖാമുഖം പരിപാടി, റീൽസ് വീഡിയോ മത്സരം, മിനി മാരത്തോണ്‍, ഫ്ളാഷ് മോബ്, മിഡ്നൈറ്റ് റണ്‍ തുടങ്ങി വിവിധ പ്രചരണ പരിപാടികൾ ഇതോടനുബന്ധിച്ച് നടക്കുന്നതാണ്. കേവലം കണ്ണൂര്‍ കോർപ്പറേഷൻ പരിധിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പരിപാടിയല്ല ഇത്. കേരളത്തിലെ എല്ലാ ഉദ്യോഗാർത്ഥികൾക്കും ഒരുപോലെ സഹായകമാകുന്ന മേളയുടെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.