കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലും ആശുപത്രികളിലും പുതിയ ജോലി ഒഴിവുകൾ. സംസ്ഥാന ഹജ്ജ് കമ്മിറ്റി, നൈറ്റ് വാച്ച്മാൻ, പാർട്ട് ടൈം സ്വീപ്പർ, ഫാർമസിസ്റ്റ്, പുരാവസ്തു വകുപ്പ്, നഴ്സിങ് ഓഫീസർ, ഇ-ഹെൽത്ത് ട്രെയിനി സ്റ്റാഫ്, ആശ വർക്കർ, സീനിയർ സൂപ്രണ്ട്, ട്യൂഷൻ ടീച്ചർ, സാനിറ്റേഷൻ വർക്കർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ തീയതി, അഭിമുഖ വിവരങ്ങൾ എന്നിവ അറിയാം.


സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ താത്ക്കാലിക നിയമനം

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂര്‍ ഓഫീസിലേക്ക് വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍, ടെലിഫോണ്‍ അറ്റന്‍ഡര്‍, ഫുള്‍ ടൈം സ്വീപ്പര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഡ്രൈവര്‍ തസ്തികകളിലേക്ക് ഏഴാം ക്ലാസ് ജയവും എല്‍.എം.വി. ഡ്രൈവിംഗ് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. ടെലിഫോണ്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം. ഫുള്‍ ടൈം സ്വീപ്പര്‍ തസ്തികയിലേക്ക് എഴുത്തും വായനയും അറിഞ്ഞിരിക്കണം. അപേക്ഷിക്കുന്നവരുടെ പ്രായം 2026 ജനുവരി ഒന്നിന്റെ അടിസ്ഥാനത്തില്‍ 18 നും 50 നുമിടയില്‍ ആയിരിക്കണം.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ലൈസന്‍സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. അപേക്ഷകളില്‍ മൊബൈല്‍ നമ്പറും വിലാസവും വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷകള്‍ ഒക്ടോബര്‍ 31-ന് വൈകുന്നേരം അഞ്ചിനകം കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 0483 2710717.

നൈറ്റ് വാച്ച്മാൻ വാക്ക്-ഇൻ-ഇന്റർവ്യൂ

ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നൈറ്റ് വാച്ച്മാൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളുടെ എണ്ണം 2. പ്രായപരിധി 18 മുതൽ 60 വരെ. വേതനം പ്രതിദിനം 500 രൂപ നിരക്കിൽ ഒരു മാസത്തിൽ 15 ദിവസം.

യോഗ്യത: പത്താം ക്ലാസ്, മികച്ച ശാരീരിക ക്ഷമത, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം. പാരമിലിട്ടറി / മിലിട്ടറി / പോലീസ് സേനകളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കും, ചമ്പക്കുളം ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്കും മുൻഗണന.

ഒക്ടോബർ 29 രാവിലെ 11 മണിക്ക് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വെച്ചാണ് ഇന്റർവ്യൂ. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് എത്തണം

പാർട്ട് ടൈം സ്വീപ്പർ

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികകയിലേക്ക് ദിവസവേതന നിരക്കിൽ അപേക്ഷ ക്ഷണിച്ചു.

യോഗ്യത : 10-ാം ക്ലാസ് പാസാകാത്തവരും ഏഴിനും 10 നും ഇടയിൽ പഠിച്ചതും. വയസ്:- 35-52. ഉദ്യോഗാർഥികൾ ഒക്ടോബർ 31 രാവിലെ 10.30ന് സി.ഇ.ടി. പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക്: https://www.cet.ac.in, 0471-2998310.


ഫാർമസിസ്റ്റ് നിയമനം

തൃക്കുന്നപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് വാർഷിക കരാർ അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ ഒക്ടോബർ 29 രാവിലെ 10.30 മുതൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടത്തും.

യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൃത്യസമയത്ത് എത്തണം. ഫോൺ: 0479 2413890.

പുരാവസ്തു വകുപ്പിന്റെ കീഴിൽ വാക് ഇൻ ഇന്റർവ്യു

പുരാവസ്തു വകുപ്പിന്റെ കീഴിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ജീവനക്കാരെ നിയോഗിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ഏഴാം ക്ലാസ്സ് പാസ്സായവരും 18 വയസ്സ് പൂർത്തിയായവരുമായ ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 29 രാവിലെ 10ന് കായംകുളം കൃഷ്ണപുരം കൊട്ടാരത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2577465.

ട്രാൻസ് ജെൻഡർ വ്യക്തികൾക്കുള്ള ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിൽ കരാർ ഒഴിവ്

എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ട്രാൻസ് ജെൻഡർ വ്യക്തികൾക്കുള്ള ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

സെന്റർ കോർഡിനേറ്റർ: ബിരുദാനന്തര ബിരുദം, പ്രവൃത്തിപരിചയം, ട്രാൻസ് സെന്റർ വ്യക്തികൾക്ക് മുൻഗണന.

കമ്മ്യൂണിറ്റി കൗൺസലർ: ബിരുദം, കൗൺസലിങ് മേഖലയിൽ പ്രവൃത്തിപരിചയമുള്ള ട്രാൻസ് ജെൻഡർ വ്യക്തികൾ.

നിശ്ചിതയോഗ്യതയുള്ളവർ നവംബർ 15 വൈകിട്ട് അഞ്ചിന് മുൻപ് എറണാകുളം ജില്ല സാമൂഹ്യനീതി ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0484 2425377.


നഴ്സിങ് ഓഫീസർ നിയമനം

മലപ്പുറം ഗവ. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ആർ.എസ്.ബി.വൈ/എച്ച്.എം.സി പദ്ധതി പ്രകാരം താൽക്കാലിക നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഗവ. അംഗീകൃത ജി.എൻ.എം./ബി.എസ്‌സി നഴ്സിങ് കോഴ്സ് വിജയിച്ചവരും നഴ്സിങ് ഓഫീസർ കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

ഒക്ടോബർ 28-ന് (ബുധൻ) രാവിലെ 10 മണിക്ക് ആശുപത്രിയിൽ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 0483 2734866.

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം

ജില്ലയിലെ മോട്ടോര്‍ ആക്‌സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തികയിലെ നിയമനത്തിന് 1978-ലെ കേരള ഗവണ്‍മെന്റ് ലാ ഓഫീസേഴ്സ് (അപ്പോയിന്റ്‌മെന്റ് ആന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആന്റ് കണ്ടക്ട്് ഓഫ് കേസസ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം യോഗ്യരായ അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

വിലാസം, ജനനതീയതി, മതം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ ഉള്‍പ്പെടുത്തി ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ 31 നകം കലക്ടറേറ്റ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2222515.

ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ മൂന്ന് വർഷ ഡിപ്ലോമ/ ബിടെക് / എംടെക് /എംസിഎ. ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ് / ഹോസ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ ആൻഡ് ഇംപ്ലിമെന്റേഷൻ എന്നിവയിലെ പ്രവൃത്തിപരിചയം എന്നിവ അഭികാമ്യയോഗ്യതയാണ്. പ്രായപരിധി : 18 മുതൽ 35. അപേക്ഷകൾ സമർപ്പിക്കേണ്ട ഓൺലൈൻ ലിങ്ക്: https://forms.gle/d9wezVoWhJJSpr9G9. ഫോൺ: 9048022243.


ആശ വർക്കർ ഒഴിവ്

തിരൂർ നഗരസഭയിലെ അന്നാര അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (യൂ.പി.എച്ച്.സി) പരിധിയിലുള്ള വാർഡ് 32, 37 എന്നിവിടങ്ങളിലെ ആശ വർക്കർ ഒഴിവിലേക്ക് അതാത് വാർഡുകളിലെ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രായം 25-നും 45-നും ഇടയിലായിരിക്കണം. വിവാഹിതർ, വിവാഹമോചനം നേടിയവർ, വിധവകൾ എന്നിവർക്ക് അപേക്ഷിക്കാം. മുൻപ് ആശ പ്രവർത്തകരായി സേവനം അനുഷ്ഠിച്ചവർക്കും ആരോഗ്യമേഖലയിൽ സന്നദ്ധപ്രവർത്തനം നടത്തിയവർക്കും മുൻഗണന ഉണ്ടായിരിക്കും.

അപേക്ഷകർ അതാത് വാർഡിലെ സ്ഥിരം താമസക്കാരായിരിക്കണം. ഈ വാർഡുകളിൽ നിന്നും സ്ഥിരതാമസക്കാരായ അപേക്ഷകർ ഇല്ലാത്തപക്ഷം തിരൂർ മുനിസിപ്പാലിറ്റി പരിധിയിൽ നിന്നുളള മറ്റ് അപേക്ഷകരെയും പരിഗണിക്കും. ഉദ്യോഗാർഥികൾ ഫോൺ നമ്പർ ഉൾപ്പെടെയുള്ള അപേക്ഷകൾ അന്നാര യു.പി.എച്ച്.സി ഓഫീസിൽ നേരിട്ടോ urbanphctirur@gmail.com എന്ന ഇമെയിൽ വിലാസത്തിലൂടെയോ ഒക്ടോബർ 26-ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി സമർപ്പിക്കണം.

സീനിയർ സൂപ്രണ്ട് ഒഴിവ്

പ്രവേശന പരീക്ഷാ കമ്മീഷണറുടെ തിരുവനന്തപുരം കാര്യാലയത്തിൽ സീനിയർ സൂപ്രണ്ട് തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ആവശ്യമായ യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവ വിശദമാക്കിയ വിജ്ഞാപനം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.

കെ.എസ്.ആർ 144 അനുസരിച്ചുള്ള പ്രഫോർമയും, ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന നവംബർ 16 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില) തമ്പാനൂർ തിരുവനന്തപുരം-1 വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

തൊഴിൽ മേള ഒക്ടോബർ 24ന്

തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 24ന് രാവിലെ 11ന് കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിലാണ് തൊഴിൽ മേള നടത്തുന്നത്.

പത്താം ക്ലാസ് മുതൽ ബിരുദം, ബിരുദാനന്തരബിരുദം, ഐടിഐ, ഡിപ്ലോമ യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം.

ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തെയും മറ്റു ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ/ജോബ് ഫെയർ എന്നിവയിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നതിന് ആധാർ കാർഡ് കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 04712992609


ജില്ലാ ആയുർവേദ ആശുപത്രിയിൽ അഭിമുഖം

ജില്ലാ ആയുർവേദ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സാനിറ്റേഷൻ വർക്കറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്‌ടോബർ 26നു രാവിലെ 10 മുതൽ നടക്കും.

30 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് പരിഗണിക്കുന്നത്. യോഗ്യത: പത്താം ക്ലാസ്, പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ആധാർ കാർഡ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം. ഫോൺ-0481 2951398

ട്യൂഷന്‍ ടീച്ചര്‍ നിയമനം

പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷം ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഗണിതശാസ്ത്ര വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിന് ബിരുദം, ബി.എഡ്, ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 28 നകം പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. നിയമനം താല്‍ക്കാലികമാണ്. ഫോണ്‍: 8547630045.

പുരാവസ്തു വകുപ്പിൽ വാക് ഇൻ ഇന്റർവ്യു

പുരാവസ്തു വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ജീവനക്കാരെ നിയോഗിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും.

ഏഴാം ക്ലാസ് പാസായവരും 18 വയസ്സ് പൂർത്തിയായ യോഗ്യതയുള്ള ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത, വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 28 രാവിലെ 10ന് തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയ്ക്ക് സമീപമുള്ള ശ്രീപാദം കൊട്ടാരത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0471-2577465.

സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം

ആലപ്പുഴ ജില്ലയിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്റർ മുഖേനെ അഭിമുഖം നടത്തും.

എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റർ ചെയ്തതും അല്ലാത്തതുമായ 20 നും 50 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.

സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. അഭിമുഖം ഒക്ടോബർ 24 ന് രാവിലെ 10 മണിക്ക് കായംകുളം ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ. ഫോൺ: 0477 2230624, 8304057735, 0479 2445502.