കേരളത്തിൽ ഹോം ഗാർഡ്, ഡ്രൈവർ കം ക്ലീനർ, നഴ്സിംഗ് അസിസ്റ്റന്റ്, സെക്യൂരിറ്റി സ്റ്റാഫ്, കെയർടേക്കർ, ഫോട്ടോഗ്രാഫർ ഉൾപ്പെടെ നിരവധി പുതിയ തൊഴിൽ അവസരങ്ങൾ. യോഗ്യത, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവയുടെ പൂർണ്ണ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.


ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫൊട്ടോഗ്രഫര്‍മാരാക്കാം

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ ഫൊട്ടോഗ്രഫര്‍മാരാകാന്‍ അവസരം. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/ മിറര്‍ലെസ് ക്യാമറകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വൈഫൈ ക്യാമറ കൈവശമുള്ളവര്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിലോ പത്രങ്ങളിലോ ഫൊട്ടോഗ്രഫറായി ജോലിചെയ്തവര്‍ക്കും മുന്‍ഗണന ലഭിക്കും. ജില്ലയില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.

ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരോ ആരോപണവിധേയരോ അച്ചടക്ക നടപടി നേരിട്ടവരോ ആകരുത്. അസല്‍രേഖകളുടെ പരിശോധന, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

പേര്, വിലാസം, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഫൊട്ടാഗ്രഫിഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. താമസപരിധിയിലെ സ്റ്റേഷന്‍ഹൗസ് ഓഫീസറില്‍നിന്നും സ്വഭാവ സര്‍ട്ടിഫിക്കറ്റും കേസുകളോമറ്റോ ഇല്ലായെന്നതുസംബന്ധിച്ച രേഖയും അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണം.

ജൂണ്‍ 18ന് ഉച്ചയ്ക്ക് ഒരു മണിക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം, പിന്‍-691013 വിലാസത്തില്‍ നേരിട്ടോ തപാല്‍വഴിയോ അപേക്ഷലഭ്യമാക്കണം. ഫോണ്‍: 0474 2794911.



ഹോം ഗാര്‍ഡ് തെരഞ്ഞെടുപ്പ്

1960 ലെ ഹോം ഗാര്‍ഡ്സ് ആക്ട് ചട്ടങ്ങള്‍, 2009 ലെ ഹോം ഗാര്‍ഡ്സ് ഭേദഗതി ചട്ടങ്ങള്‍ എന്നിവയ്ക്ക് വിധേയമായി ഇടുക്കി ജില്ലയില്‍ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് പുരുഷ/വനിത ഹോം ഗാര്‍ഡുകളെ തെരഞ്ഞെടുക്കുന്നു.

ആര്‍മി, നേവി, എയര്‍ഫോഴ്സ്, പാരാ മിലിട്ടറി തുടങ്ങിയ സൈനിക അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയില്‍, ഫയര്‍ഫോഴ്സ് തുടങ്ങിയ സംസ്ഥാന സര്‍വ്വീസുകളില്‍ നിന്നും വിരമിച്ച സേനാംഗമായിരിക്കണം. എസ് എസ് എല്‍ സി യാണ് യോഗ്യത. പ്രായം കുറഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനത്തില്‍ മുന്‍ഗണന ലഭിക്കും.

താല്‍പ്പര്യമുളളവര്‍ ജൂണ്‍ 20 നും ജൂലൈ 4 നും ഇടയിലുളള പ്രവര്‍ത്തിദിവസങ്ങളില്‍ രാവിലെ 10 നും വൈകിട്ട് 5 നും ഇടയില്‍ ഇടുക്കി ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9497920164

ഡ്രൈവർ കം ക്ലീനർ ഒഴിവ്

കോളജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരത്തെ സർക്കാരിതര ഫണ്ടിൽ നിന്നും വേതനം നൽകുന്ന ബസ് ഡ്രൈവർ കം ക്ലീനർ താത്കാലിക തസ്തികയിൽ 178 ദിവസത്തേക്ക് ദിവസവേതനം 810 രൂപ നിരക്കിൽ ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഏഴാം ക്ലാസ് പാസ് ആണ് യോഗ്യത. ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസ് വിത്ത് ബാഡ്ജ്, 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന പ്രകാരമുള്ള കാഴ്ച, കേൾവി എന്നിവ ഉണ്ടായിരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഓടിച്ച് പരിചയം ഉള്ളവർക്ക് മുൻഗണന. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് മുമ്പ് ശിക്ഷാനടപടികൾക്ക് വിധേയരായവർ ആകരുത്. 

താത്പര്യമുള്ളവർ അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ജൂൺ 22 രാവിലെ 10ന് മെയിൻ ഓഫീസിൽ എത്തണം.


നഴ്സിങ് അസിസ്റ്റന്റ് കൂടിക്കാഴ്ച

മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നഴ്സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ജൂണ്‍ 19ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. 

യോഗ്യത പ്ലസ് ടു. അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഓക്സിലറി നഴ്സ് മിഡ്വൈഫ് (എ എന്‍ എം) ഉള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 35 വയസില്‍ കവിയരുത്. മണ്ണാര്‍ക്കാട് നഗരസഭാ പരിധിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. 

അസല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ആധാര്‍ കാര്‍ഡും സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 224549.

താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

പുനലൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തും. 

യോഗ്യത: എം.എസ്.ഡബ്ല്യു/എം.എ സൈക്കോളജി. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 40 വയസ്. ബയോഡാറ്റ, പ്രായവും യോഗ്യതയും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ ജൂണ്‍ 24 വൈകിട്ട് മൂന്നിനകം ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 0475 2222702.


സംസ്ഥാന സർക്കാർ വകുപ്പിൻ കീഴിൽ അവസരം 

കണ്ണൂർ ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ വകുപ്പിൻ കീഴിൽ വനിതകൾക്കായുള്ള, ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത പാരാലീഗൽ പേഴ്‌സണൽ/ലോയർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.

എൽ.എൽ.ബി യും, സർക്കാർ/സർക്കാരിതര സ്ഥാപനത്തിൽ വനിതാ ക്ഷേമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 3 വർഷത്തെ പ്രവൃത്തിപരിചയമോ, പ്രാക്ടീസിംഗ് ലോയറായി 2 വർഷത്തെ തൊഴിൽ പരിചയമോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 20000/- രൂപ. 

 തത്പരരായ ഉദ്യോഗാർത്ഥികൾ ജൂൺ 22 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കണം.

സെക്യൂരിറ്റി സ്റ്റാഫ് നിയമനം

നെടുമ്പന സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 50 വയസ്.

യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂണ്‍ 19 ഉച്ചയ്ക്ക് രണ്ടിനകം സാമൂഹികരോഗ്യ കേന്ദ്രം നെടുമ്പന, വെളിച്ചിക്കാല പി ഒ, കൊല്ലം. പിന്‍ : 691573 വിലാസത്തില്‍ ലഭ്യമാക്കണം.ഫോണ്‍: 8921667102.

കെയര്‍ ടേക്കര്‍ ഒഴിവ്

മണര്‍കാടുള്ള കോട്ടയം സൈനിക വിശ്രമകേന്ദ്രത്തില്‍ താല്‍ക്കാലിക കെയര്‍ ടേക്കറുടെ ഒഴിവുണ്ട്. 

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജൂണ്‍ 26ന് വൈകുന്നേരം അഞ്ചിനു മുന്‍പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2371187.