മെന്റർ ടീച്ചർ, അക്കൗണ്ടന്റ്, ഹെൽപ്പർ, പ്രൊഫസർ, ടെക്നിക്കൽ ട്രേഡ്, കൗൺസിലർ, ഫാർമസിസ്റ്റ് ഉൾപ്പെടെ നിരവധി തൊഴിൽ അവസരങ്ങൾ. തൊഴിൽമേള വഴിയും നിയമനം. അപേക്ഷാ രീതി, യോഗ്യത, അവസാന തീയതി എന്നിവ ഇവിടെ അറിയാം.

 
മെന്റർ ടീച്ചർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പട്ടികവർഗ ഭൂരിപക്ഷ മേഖലകളിലെ സർക്കാർ/ എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ ‘ഗോത്ര ബന്ധു’ പദ്ധതിയിൽ ഉൾപ്പെടുത്തി 2026-27 വർഷത്തേക്ക് മെന്റർ ടീച്ചർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

 വയനാട് - 241, പാലക്കാട് (അട്ടപ്പാടി ബ്ലോക്ക്)- 26, പാലക്കാട് അട്ടപ്പാടി ഒഴികെ- 30, മലപ്പുറം- 29 എന്നിങ്ങനെ 326 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾ സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നോക്ക പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പണിയ, അടിയ, ഊരാളി, ഇരുളർ, മുഡുഗർ വിഭാഗങ്ങൾക്കും പ്രത്യേക ദുർബല വിഭാഗങ്ങൾക്കും (PVTG) മുൻഗണന നൽകും. യോഗ്യരായവർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രം മറ്റ് പട്ടികവർഗ വിഭാഗങ്ങളെ പരിഗണിക്കും. 

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സ്കൂളിലെ പട്ടികവർഗ വിദ്യാർഥികളുടെ ഭാഷ, ജീവിത സാഹചര്യങ്ങൾ, സംസ്കാരം എന്നിവയിൽ അറിവ് ഉണ്ടായിരിക്കണം. TTC/ D.Ed. യോഗ്യതയുള്ളവർക്ക് മുൻഗണന. യോഗ്യരായവർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, D.Ed. കോഴ്സ് പൂർത്തിയാക്കിയവർ, B.Ed. യോഗ്യതയുള്ളവർ, MGLC- കളിൽ അധ്യാപന പരിചയമുള്ളവർ, പ്ലസ് ടു പാസായവർ എന്നിവരെ പരിഗണിക്കും. തനത് ഭാഷ, സംസ്കാരം, കലാരൂപങ്ങൾ എന്നിവയിലുള്ള പ്രാവീണ്യം അധിക യോഗ്യതയായി കണക്കാക്കും. സാക്ഷരതാ പരിപാടികൾ/ സർവേകൾ എന്നിവയിലുള്ള പരിചയവും പരിഗണിക്കും. ഉദ്യോഗാർഥി സ്കൂൾ സ്ഥിതി ചെയ്യുന്ന ഊരിലെ/ പ്രദേശത്തെ അല്ലെങ്കിൽ അടുത്തുള്ള ഊരിലെ താമസക്കാരായിരിക്കണം. 

നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ പ്രായം, സമുദായം, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂൺ 23 വൈകുന്നേരം 5 മണിക്ക് മുമ്പായി ബന്ധപ്പെട്ട പ്രോജക്ട് ഓഫീസറുടെയോ/ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസറുടെയോ ഓഫീസിൽ സമർപ്പിക്കണം. അഭിമുഖത്തിന്റെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലകളിലെ പ്രോജക്ട് ഓഫീസർ/ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്/ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസിലോ ബന്ധപ്പെടണം. ഫോൺ: 0471 2304594, 2303229.



കുടുംബശ്രീയിൽ എൻ.ആർ.എൽ.എം അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷിക്കാം

കുടുംബശ്രീ ജില്ലാ മിഷനുകളിൽ ഒഴിവുള്ള എൻ.ആർ.എൽ.എം അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ തൃശൂർ ജില്ലയിലാണ് ഒരു ഒഴിവുള്ളത്. എന്നാൽ, ഒരു വർഷത്തിനുള്ളിൽ മറ്റ് ജില്ലകളിൽ ഒഴിവ് വരുന്ന പക്ഷം ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 7ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. ബി.കോം, ഡി.സി.എ, ടാലിയാണ് യോഗ്യത. സർക്കാർ, അർദ്ധസർക്കാർ വകുപ്പുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടന്റായി കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

അപേക്ഷകർക്ക് 2026 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. പ്രതിമാസം 30,000 രൂപയാണ് വേതനം. നിയമനം ലഭിക്കുന്ന തീയതി മുതൽ 2027 മാർച്ച് 31 വരെയാണ് പ്രാഥമിക കരാർ കാലാവധി. അതിനുശേഷം പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ കരാർ ദീർഘിപ്പിച്ചു നൽകും.

500 രൂപയാണ് പരീക്ഷാ ഫീസ്. അപേക്ഷയോടൊപ്പം ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം. www.cmd.kerala.gov.in നിശ്ചിത ഫോർമാറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അല്ലാതെയുള്ള അപേക്ഷകളും, യഥാസമയം ലഭിക്കാത്തവയും, നിശ്ചിത യോഗ്യതയില്ലാത്തതുമായ അപേക്ഷകൾ സ്വീകരിക്കില്ല.


ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ ഹെൽപ്പർ

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയത്തിൽ, ബൾക്ക് വേസ്റ്റ് ശേഖരണത്തിനായി ഹെൽപ്പർ തസ്തികയിലേക്ക് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും ശാരീരികക്ഷമതയുള്ളതുമായ പുരുഷൻമാർക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 

താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു മാസത്തിനകം എടുത്ത പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ അസലും സഹിതം ജൂലൈ 2 രാവിലെ 10ന് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം-10 ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447792058.

ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ വാക്ക് ഇൻ ഇന്റർവ്യൂ

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലാ കോർഡിനേറ്റർമാരുടെ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് ബിരുദവും 2 വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 

മാലിന്യ സംസ്കരണ രംഗത്ത് പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 50 വയസ്സ്. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയൽ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും ഓരോ സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 1 ന് രാവിലെ 10 ന് ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം വിലാസത്തിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 9447792058.


അസിസ്റ്റന്റ് പ്രൊഫസർ

തിരുവനന്തപുരം ബാർട്ടൺ ഹില്ലിലുള്ള സർക്കാർ എൻജിനീയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിൽ 2026-27 അധ്യയന വർഷത്തിൽ ഉണ്ടായേക്കാവുന്ന അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

AICH മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും തയ്യാറായി പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളുമായി ജൂൺ 23ന് രാവിലെ 10ന് ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in, 0471-2300484.

സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ അവസരം

കണ്ണൂർ ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. 

 മൈക്രോബയോളജി/വൈറോളജി/ബയോടെക്‌നോളജി/മോളിക്യൂലാർ ബയോളജി/മെഡിക്കൽ ജനറ്റിക്‌സ്/ലൈഫ് സയൻസസ്/ ബയോ സയൻസിൽ പി.ജി യും 2 വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ബിരുദവും 4 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 35,000 രൂപ. പ്രായപരിധി 41 വയസ്. 

തത്പരരായ ഉദ്യോഗാർഥികൾ ജൂൺ 27 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

താല്‍കാലിക അധ്യാപകന്‍, ടെക്നിക്കല്‍ ട്രേഡ് തസ്തികകളിലേക്ക് നിയമനം

ഇടുക്കി സര്‍ക്കാര്‍എഞ്ചിനീയറിംഗ് കോളേജില്‍ 2026-2027 അധ്യയന വര്‍ഷത്തില്‍ ഒഴിവുള്ള താല്‍കാലിക അധ്യാപക തസ്തികയിലേക്കും ടെക്നിക്കല്‍ ട്രേഡ് തസ്തികയിലേക്കും അഭിമുഖം നടത്തുന്നു. 

മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ,ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വകുപ്പിലെ ഒഴിവുകളുടെ അഭിമുഖം ജൂണ്‍ 22 തിങ്കളാഴ്ച രാവിലെ 10.00 മണിക്കും, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് എന്നീ വകുപ്പിലെ ഒഴിവുകളുടെ അഭിമുഖം ജൂണ്‍ 23 ചൊവ്വാഴ്ച രാവിലെ 10.00 മണിക്കും നടക്കും.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ഫിക്കറ്റുകളുടെ അസ്സലും സഹിതം അന്നേ ദിവസം കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862233250. ഇമെയില്‍: www.gecidukki.ac.in


കൗണ്‍സിലര്‍ നിയമനം

ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവരൂപീകരണം, പഠനശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും 2026-27 അധ്യയനവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നതിന് തൊടുപുഴയില്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി പ്രോജക്ട് ഓഫീസില്‍ ജൂണ്‍ 30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

എം.എ.സൈക്കോളജി/എം.എസ്.ഡബ്യൂ(സ്റ്റുഡന്റ് കൗണ്‍സലിംഗ് പരിശീലനം നേടിയവരാകണം) തുടങ്ങിയവയാണ് യോഗ്യതകള്‍. കേരളത്തിന് പുറത്തുളള സര്‍വകലാശാലകളില്‍ നിന്നും യോഗ്യത നേടിയവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. താല്‍പര്യമുളളവര്‍ ജൂണ്‍ 30 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862222399
ഇമെയില്‍:itdpidukki@gmail.com

സൗജന്യ തൊഴിൽ മേള

അസാപ് കേരളയുടെ ചാത്തന്നൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 20 ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടൂ, ഡിഗ്രി യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ 20ന് രാവിലെ 9.30ന് ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. രജിസ്ട്രേഷൻ ലിങ്ക്- https://forms.gle/MXvHFHsqi3hPTRE77

തൊഴിൽമേള ജൂൺ 20ന്

ജില്ലാ എംപ്ലോയബിലിറ്റി സെന്റർ നാല് സ്വകാര്യ സ്ഥാപനങ്ങളിലെ തൊണ്ണൂറിലധികം ഒഴിവുകളിലേക്ക് ജൂൺ 20 രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് അഭിമുഖം നടത്തും. പങ്കെടുക്കുന്നതിന് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8138908657, 0481-2563451.


ഫാര്‍മസിസ്റ്റ് നിയമനം

പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പി യിലേക്ക് ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള അബിമുഖം ജൂണ്‍ 23 ന് രാവിലെ 10.30 ന് പുളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും.

 ഗവ.അംഗീകൃത ഡി.ഫാം/ബി.ഫാം കോഴ്‌സ് പാസായിരിക്കണം. കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതതം അഭിമുഖത്തിനെത്തണം. ഫോണ്‍- 0483- 2950900.

ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 22 ന് രാവിലെ 10 ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ ഐ.സി.ഡി.എസ് ഓഫീസില്‍ നടക്കും. 

അംഗീകൃത ബോര്‍ഡില്‍ നിന്നോ തത്തുല്യ ബോര്‍ഡില്‍ നിന്നോ പന്ത്രണ്ടാം ക്ലാസ് വിജയിച്ചവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. മുന്‍പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെയിറ്റേജ് ലഭിക്കും. 2026 ജൂണ്‍ 15-ന് 40 വയസ്സ് കവിയരുത്.

പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍-9048497487.

അറബി അധ്യാപക ഒഴിവ്

ആറ്റിന്‍പുറം സര്‍ക്കാര്‍ യു.പി സ്‌കൂളില്‍ അറബി അധ്യാപക ഒഴിവുണ്ട്. യോ​ഗ്യരായവർ അസൽ സര്‍ട്ടിഫിക്കറ്റുകളുമായി ജൂൺ 22 രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോൺ: 9048519912


കോർഡിനേറ്റർ നിയമനം

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജ്വാലാ ജാഗ്രത സമിതി പ്രൊജക്ടിന്റെ ഭാഗമായി ഒരു കോര്‍ഡിനേറ്ററേയും കമ്മ്യൂണിറ്റി വിമന്‍സ് ഫെസിലിറ്റേറ്ററെയും നിയമിക്കുന്നു. പ്രായപരിധി 25 നും 45നും മധ്യേ. തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.

യോഗ്യത: എം.എസ്.ഡബ്ല്യൂ, സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്, വിമണ്‍ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. കോര്‍ഡിനേറ്റര്‍ക്ക് സ്ത്രീ ശാക്തീകരണ മേഖലയില്‍ പ്രവര്‍ത്തിച്ച അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.

യോഗ്യരായവർ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജൂണ്‍ 24 രാവിലെ 10.30ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.

ജയിൽ വകുപ്പിൽ കൗൺസിലർ / സോഷ്യൽ വർക്കർ

സംസ്ഥാന ജയിൽ വകുപ്പിന് കീഴിലെ വിവിധ ജയിലുകളിലേക്ക് കൗൺസിലർ / സോഷ്യൽ വർക്കർ തസ്തികകളിൽ കരാർ വേതന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലാ ജയിലുകളിലേക്കാണ് നിയമനം നടത്തുന്നത്. നാല് ഒഴിവുകളാണുള്ളത്. 

തൽപര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന അനുബന്ധ രേഖകളുടെ പകർപ്പുകളും നേരിട്ടോ, തപാൽ മുഖേനയോ ഇമെയിൽ വഴിയോ സമർപ്പിക്കണം. ഡയറക്ടർ ജനറൽ, പ്രിസൺസ് ആന്റ് കറക്ഷണൽ സർവീസസ്, ജയിൽ ആസ്ഥാന കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം – 695012 എന്ന വിലാസത്തിലാണ് അപേക്ഷ ലഭിക്കേണ്ടതാണ്. വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.keralaprisons.gov.in ൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 16. ഇമെയിൽ: keralaprisons@gov.in.