ഡ്രൈവർ, സ്റ്റാഫ് നഴ്സ്, ഓഫീസ് അസിസ്റ്റന്റ്, എൻജിനീയർ, സ്വീപ്പർ കം നൈറ്റ് വാച്ച്മാൻ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ഏറ്റവും പുതിയ ജോലി അവസരങ്ങൾ, അപേക്ഷാ രീതി, ശമ്പളം, പ്രായപരിധി, തിരഞ്ഞെടുപ്പ് നടപടികൾ, അവസാന തീയതി എന്നിവയുടെ വിശദവിവരങ്ങൾ ഇവിടെ ലഭിക്കും. അനുയോജ്യരായ ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ അപേക്ഷിക്കൂ.


ഡ്രൈവര്‍ നിയമനം

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് നിവാസികളായിരിക്കണം.

യോഗ്യത: ഏഴാം ക്ലാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്. പ്രായ പരിധി 18-41 (സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുളള ഇളവുകള്‍ ബാധകം). ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്, മുന്‍പരിചയം തെളിയിക്കുന്ന രേഖ സഹിതം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമര്‍പിക്കണം. അവസാന തീയതി ഓഗസ്റ്റ് ഏഴ് വൈകിട്ട് അഞ്ച്. ഫോണ്‍: 04735 240230.

സ്റ്റാഫ് നഴ്സ് ട്രെയിനി

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസ് മുഖേന താത്കാലിക അടിസ്ഥാനത്തിൽ 6 മാസത്തേക്ക് സ്റ്റാഫ് നഴ്‌സ് ട്രെയിനിയെ തിരഞ്ഞെടുക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താത്പര്യമുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി ആഗസ്റ്റ് 14 വൈകിട്ട് 5 വരെ.

ഇന്റർവ്യൂ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. അപേക്ഷകർ അഭിമുഖത്തിന് ഹാജരാകുമ്പോൾ വിദ്യാഭ്യാസ യോഗ്യത, കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയുടെ അസൽ രേഖകളും ആയതിന്റെ പകർപ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.


ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിൽ (C W R D M) ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്.

1983 ഫെബ്രുവരി 26-ലെ G.O.(MS) No.11/83/LBR സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ C W R D M-ന് വേണ്ടി ഭൂമി ഏറ്റെടുത്തപ്പോൾ സ്ഥലം നഷ്ടപ്പെട്ടവർക്കായി സംവരണം ചെയ്ത ഒഴിവിലേക്കാണ് നിയമനം. 2026 ജൂലൈ 9-ന് 25 വയസ് കവിയാൻ പാടില്ല. നിയമാനുസൃത വയസിളവ് ബാധകമായിരിക്കും. പ്രതിമാസ ശമ്പളം 24,590 രൂപ ആണ്. ബിരുദവും പി ജി ഡി സി എ / ഓഫീസ് ഓട്ടോമേഷൻ കോഴ്‌സോ അല്ലെങ്കിൽ അംഗീകൃത ഏതെങ്കിലും കമ്പ്യൂട്ടർ കോഴ്‌സോ ആണ് യോഗ്യത.

യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും കുടിയൊഴിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട രേഖകളും സഹിതം ഓഗസ്റ്റ് 5-നകം തിരുവനന്തപുരം ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

ഗവ. യോഗ പ്രകൃതിചികിത്സാ ആശുപത്രിയിൽ ഇന്റർവ്യൂ

വർക്കല ഗവ. യോഗ പ്രകൃതിചികിത്സാ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

ആഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് മസ്സാജ് തെറാപ്പിസ്റ്റ് തസ്തികയിലേക്കും, ഉച്ചയ്ക്ക് 12 മണിക്ക് സാനിറ്റേഷൻ വർക്കർ തസ്തികയിലേക്കും, ഉച്ചയ്ക്ക് 2 മണിക്ക് കുക്ക് അസിസ്റ്റന്റ് തസ്തികയിലേക്കും ഇന്റർവ്യൂ നടക്കും. മസ്സാജ് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായവർക്കും, മറ്റ് തസ്തികകളിലേക്ക് അതത് മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.

ആഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് സെക്യൂരിറ്റി, 12 മണിക്ക് മൾട്ടിപർപ്പസ് വർക്കർ, ഉച്ചയ്ക്ക് 2 മണിക്ക് റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് ഇന്റർവ്യൂ നിശ്ചയിച്ചിരിക്കുന്നത്. സെക്യൂരിറ്റി, മൾട്ടിപർപ്പസ് വർക്കർ തസ്തികകൾക്ക് എസ്.എസ്.എൽ.സിയും റിസപ്ഷനിസ്റ്റ് തസ്തികയ്ക്ക് കമ്പ്യൂട്ടർ പരിജ്ഞാനത്തോടെയുള്ള ബിരുദവുമാണ് യോഗ്യത.

ജനറൽ വിഭാഗത്തിന് 40 വയസ്സും, ഒ.ബി.സിക്ക് 43 വയസ്സും, എസ്.സി/എസ്.ടി വിഭാഗത്തിന് 45 വയസ്സുമാണ് ഉയർന്ന പ്രായപരിധി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നിശ്ചിത സമയത്ത് ആശുപത്രിയിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 7306258896


വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് വിവിധ ബ്ലോക്കുകളില്‍ നടപ്പിലാക്കുന്ന രാത്രികാല അടിയന്തര സേവ പദ്ധതിയിലേക്കും മൊബൈല്‍ യൂണിറ്റുകളിലേക്കും വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ഓഗസ്റ്റ് ആറ് രാവിലെ 10.30 മുതല്‍ 12.30 വരെ തേവള്ളി ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് അഭിമുഖം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0474 2793464.

സൈക്കോളജിസ്റ്റ് താത്ക്കാലിക നിയമനം

കാസർഗോഡ് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത സൈക്കോളജിസ്റ്റ് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്.

സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജി വിഷയത്തിൽ ഉള്ള ബിരുദാനന്തര ബിരുദവും, ഒരു വർഷത്തെ തൊഴിൽ പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 31,020 രൂപ. പ്രായപരിധി 01/01/2026 ന് 18നും 40നും മധ്യേ.

താത്പര്യമുള്ളവർ ആഗസ്റ്റ് 7 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം.


അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർ (സിവിൽ) നിയമനം

കണ്ണൂർ ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർ (സിവിൽ) തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്.

ബി.ടെക് (സിവിൽ) എൻജിനീയറിങ് അംഗീകൃത സർവകലാശാലാ ബിരുദവും, 5 വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം 50,000 രൂപ. പ്രായപരിധി 01/01/2025 ന് 18നും 41നും മധ്യേ (അംഗീകൃത വയസിളവ് അനുവദനീയം).

താത്പര്യമുള്ളവർ ആഗസ്റ്റ് 7 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം.

സ്വീപ്പര്‍ കം നൈറ്റ് വാച്ച്മാന്‍ നിയമനം

ഐക്കാട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ സ്വീപ്പര്‍ കം നൈറ്റ് വാച്ച്മാന്റെ താല്‍ക്കാലിക ഒഴിവിലേക്ക് ഏഴാം ക്ലാസ് പാസ്സായ 35നും 55നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പും സഹിതം ഓഗസ്റ്റ് അഞ്ച് രാവിലെ 11 ന് ഐ.ടി.ഐ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9847617186.


പ്രമാടം ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയര്‍ നിയമനം

പ്രമാടം ഗ്രാമപഞ്ചായത്ത് വിബി-ജി റാം ജി പദ്ധതി നടത്തിപ്പിന് ഓവര്‍സിയറെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ്/അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദം, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. ഉദ്യോഗാര്‍ഥികള്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ് സഹിതം സെക്രട്ടറി, പ്രമാടം ഗ്രാമപഞ്ചായത്തിന്റെ പേരില്‍ ഓഫീസില്‍ സമര്‍പിക്കണം. അവസാന തീയതി ഓഗസ്റ്റ് 10 വൈകിട്ട് അഞ്ച്. ഫോണ്‍: 0468 2242215, 0468 2240175.

അന്യത്രസേവന വ്യവസ്ഥയിൽ നിയമനം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിൽ ജൂനിയർ സൂപ്രണ്ട്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്ക് വിവിധ സർക്കാർ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട്/ അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 11 തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ 43,400 - 91,200. അപേക്ഷകർ മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ പാർട്ട്-1 റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്‌, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ, വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം.

ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് വിവിധ സർക്കാർ വകുപ്പുകളിൽ ഓഫീസ് അറ്റൻഡന്റ്/ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ 23,000 - 50,200.

അപേക്ഷകൾ ആഗസ്റ്റ് 20നു മുമ്പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം ടി.സി-43/1039, കൊച്ചാർ റോഡ്, ചെന്തിട്ട, ചാല പി.ഒ, തിരുവനന്തപുരം-36 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2464240.