കുക്ക്, സ്റ്റാഫ് നഴ്‌സ്, അറ്റൻഡർ, തെറാപ്പിസ്റ്റ്, ഫിറ്റ്നസ് ട്രെയിനർ, തൊഴിൽമേള എന്നിവ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.


തൊഴില്‍ മേള

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 10ന് രാവിലെ 10.30 മുതല്‍ അഭിമുഖം നടത്തും.

പ്ലസ്ടു മുതല്‍ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി: 18-35 വയസ്. ബയോഡേറ്റയുടെ മൂന്ന് പകര്‍പ്പുകള്‍, ആധാര്‍കാര്‍ഡ്‌സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് എന്നിവ നല്‍കും, പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫോണ്‍: 8304852968, 8281359930.

റീജിയണൽ ക്യാൻസർ സെന്ററിൽ ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ വൺ ഇയർ മെഡിക്കൽ ഡോക്യൂമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേയ്ക് ജൂലൈ 20ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

വിശദവിവരങ്ങൾ www.rcctvm.gov.in എന്ന ആർ.സി.സിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ അവസരം

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ തസ്തികയില്‍ ദിവസവേതനഅടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 14 രാവിലെ 11ന് നടത്തും.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുളള ഒന്നാം ക്ലാ സ് ബിരുദം. യോഗ്യതയുടേയും ബന്ധപ്പെട്ട വിഷയത്തിലുളള അക്കാഡമിക് പ്രവൃത്തിപരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് നിര്‍ബന്ധം.


തെറപ്പിസ്റ്റ് നിയമനം

മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ സ്‌പോട്ട് @ മുഖത്തല പദ്ധതിയിലേക്ക് തെറപ്പിസ്റ്റുകളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത: സ്പീച്ച് തെറപിസ്റ്റ്, ബിഹേവിയര്‍ തെറപ്പിസ്റ്റ് ആന്‍ഡ് ഒക്ക്യൂപേഷണല്‍ തെറപ്പിസ്റ്റ്- സ്പീച്ച് തെറാപ്പിസ്റ്റ്-ബിഎഎസ്എല്‍പി/തതുല്യം. ബിഹേവിയര്‍ തെറപ്പിസ്റ്റ് ആന്‍ഡ് ഒക്ക്യൂപേഷണല്‍ തെറപ്പിസ്റ്റ്- ഒക്ക്യൂപേഷണല്‍ തെറപ്പിയില്‍ ബിരുദം/തതുല്യം. ശിശുവികസനപദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, മുഖത്തല വിലാസത്തില്‍ ജൂലൈ 20നകം അപേക്ഷ ലഭിക്കണം. ഫോണ്‍-8281999106.

വിമുക്തി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്

കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ 'വിമുക്തി'യുടെ ആലപ്പുഴ ജില്ലാതല പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്തുന്നതിനായി വിമുക്തി ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ആലപ്പുഴ ജില്ലയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർഥി കളിൽ നിന്നാണ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സോഷ്യൽ വർക്ക്, സൈക്കോളജി, വിമെൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യോളജി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാലയിൽ നിന്നുമുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇതോടൊപ്പം ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ, മിഷനുകളിലോ, പ്രോജക്ടുകളിലോ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. 2026 ജനുവരി ഒന്നിന് 23 നും 60 നും മധ്യേ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 രൂപ ശമ്പളമായി ലഭിക്കും. ഉദ്യോഗാർഥികൾ തങ്ങളുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന പ്രമാണങ്ങളുടെ പകർപ്പുകൾ സഹിതം ജൂലൈ 25 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി "ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ കാര്യാലയം, എക്സൈസ് കോംപ്ലക്സ്, ഇരുമ്പ് പാലം പി.ഒ., ആലപ്പുഴ, പിൻ - 688011" എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0477 2252049, 9447178056 . ഇമെയിൽ decalpy.exc@kerala.gov.in


ഫിറ്റ്നസ് ട്രെയിനർ സീറ്റൊഴിവ്

കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് സ്ഥാപനമായ ആലപ്പുഴ ചെറിയകലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂലൈ 15ന് ആരംഭിക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് സര്‍ട്ടിഫിക്കറ്റോടുകൂടിയ ഫിറ്റ്നസ് ട്രെയിനർ ലെവല്‍ നാല് കോഴ്സിൽ മൂന്ന് സീറ്റുകള്‍ ഒഴിവുണ്ട്.

താൽപര്യമുള്ളവർ ജൂലൈ 10നകം ചെറിയ കലവൂരുള്ള അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിലെത്തി പ്രവേശനം ഉറപ്പാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495999682.

ഡെപ്യൂട്ടേഷന്‍ നിയമനം

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ (നാല്), അസോസിയേറ്റ് പ്രൊഫസര്‍ (നാല്), അസി. പ്രൊഫസര്‍ (11) എന്നീ തസ്തികകളിലാണ് ഒഴിവ്.

യോഗ്യതയുള്ളവര്‍ അവരുടെ മാതൃവകുപ്പില്‍ നിന്നുള്ള എന്‍ ഒ സി സഹിതം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം യോഗ്യതതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ ഇ മെയില്‍ ഐ ഡി എന്നിവയും ഉള്‍പ്പെടുത്തണം. സേവന വേതന വ്യവസ്ഥകള്‍ അന്യത്ര സേവനവുമായി ബന്ധപ്പെട്ട ചട്ടങ്ങളുടേയും ഉത്തരവുകളുടേയും അടിസ്ഥാനത്തിലായിരിക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0491 2951010.

ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് ഇന്റർവ്യൂ

അതിരപ്പിള്ളി, മറ്റത്തൂർ ഗ്രാമപഞ്ചായത്തുകളിലെ പി.വി.ടി.ജി കാടർ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നതിന് സേവനസന്നദ്ധരായ പട്ടികവർഗ്ഗക്കാരിൽ നിന്നും ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ വ്യവസ്ഥയിൽ നടത്തുന്ന ഈ നിയമനത്തിന് പ്രതിമാസം 20,000 രൂപ വേതനമായി ലഭിക്കും. പ്ലസ് ടുവും പട്ടികവർഗ്ഗ മേഖലയിൽ പി.വി.ടി.ജി വിഭാഗത്തിനിടയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ 22-നും 45-നും മധ്യേ പ്രായമുള്ളവരായിരിക്കണം. നിയമനം ലഭിക്കുന്നവർ ആവശ്യമെങ്കിൽ ആ മേഖലയിൽ താമസിച്ച് ജോലി ചെയ്യാൻ തയ്യാറുള്ളവരായിരിക്കണം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ജാതി, വിദ്യാഭ്യാസം, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 16-ന് രാവിലെ 11:00 -ന് ചാലക്കുടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നടത്തുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ- 0480-2706100


പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കില്‍ നിയമനം

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് മാനേജിങ്ങ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി 2026 ജൂലൈ 15-ന് രാവിലെ 10 ന്് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ അഭിമുഖം നടക്കും.

ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍: ബി.എസ്.സി.എം.എല്‍.ടി. അല്ലെങ്കില്‍ ഡി.എം.എല്‍.ടി. യഥാക്രമം ആറു മാസത്തെയും ഒരു വര്‍ഷത്തെയും ബ്ലഡ് ബാങ്ക് പ്രവൃത്തിപരിചയം നിര്‍ബന്ധം.

സ്റ്റാഫ് നഴ്‌സ്: ബി.എസ്.സി. നഴ്‌സിംഗ് അല്ലെങ്കില്‍ ജി.എന്‍.എം. കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.

അറ്റന്റര്‍: എട്ടാം ക്ലാസ് വിജയം. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ആധാര്‍ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ജൂലൈ 13-ന് വൈകീട്ട് നാലിനകം പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്ക് ഓഫീസില്‍ നേരിട്ട് ലഭ്യമാക്കണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരുതണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട ്അഞ്ചു വരെയുള്ള സമയങ്ങളില്‍ 04933-226322 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

പ്രീമെട്രിക് ഹോസ്റ്റലുകളിൽ റെസിഡെന്റ് ട്യൂട്ടർ നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വെറ്റിലപ്പാറ, ചുവന്നമണ്ണ്, വാഴച്ചാൽ, പീച്ചി പ്രീമെട്രിക് ഹോസ്റ്റലുകളിൽ റെസിഡെന്റ് ട്യൂട്ടർ തസ്തികയിൽ 2026-27 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിനും രാത്രിയിൽ ഹോസ്റ്റലിൽ താമസിച്ച് പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിനുമായാണ് നിയമനം.

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂലൈ 15-ന് രാവിലെ 11-ന് ചാലക്കുടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ വാക്-ഇൻ ഇന്റർവ്യൂ നടത്തും.

പീച്ചി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് വനിതാ ഉദ്യോഗാർത്ഥികളെ മാത്രമേ പരിഗണിക്കൂ. വെറ്റിലപ്പാറ, ചുവന്നമണ്ണ്, പീച്ചി പ്രീമെട്രിക് ഹോസ്റ്റലുകളിലെ ഓരോ ഒഴിവുകളിലേക്ക് സയൻസ് വിഷയങ്ങളിലുള്ള ഡിഗ്രിയാണ് യോഗ്യത. ബി.എഡ്, സെറ്റ്, ടി.റ്റി.സി എന്നിവ അഭിലഷണീയം. ചുവന്നമണ്ണ് ഹോസ്റ്റലിലേക്ക് വനിതകൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. വാഴച്ചാൽ പ്രീമെട്രിക് ഹോസ്റ്റലിലെ ഒരു ഒഴിവിലേക്ക് പ്ലസ് ടൂ അല്ലെങ്കിൽ ഡിഗ്രിയാണ് യോഗ്യത. അപേക്ഷകർ 22-നും 45-നും മധ്യേ പ്രായമുള്ളവരായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2027 മാർച്ച് 31 വരെയായിരിക്കും കരാർ നിയമനം. 15,000 രൂപ പ്രതിമാസം ഹോണറേറിയമായി ലഭിക്കും. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ചാലക്കുടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ- 0480-2706100.


വണ്ടൂര്‍ പ്രീ മെട്രിക് ഹോസ്റ്റലില്‍ കുക്ക് താല്‍ക്കാലിക നിയമനം

വണ്ടൂര്‍ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഗവണ്‍മെന്റ് പ്രീ മെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള 'കുക്ക്' തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ ഒന്‍പതിന് രാവിലെ 10.30 ന് വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും.

പ്രായപരിധി: 20 നും 50 നും മധ്യേ. യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. പാചകത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. :വനിതകള്‍, കെ.ജി.സി.ഇ. ഫുഡ് പ്രൊഡക്ഷന്‍ യോഗ്യതയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, മുന്‍ഗണന എന്നിവ തെളിയിക്കുന്നതിനുള്ള എല്ലാ അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താത്ക്കാലിക നിയമനം

പെരിന്തല്‍മണ്ണ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലെ വിവിധ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ താത്ക്കാലിക ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വിഷയങ്ങളില്‍ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചിനകം foodcraftpmna@gmail.com എന്ന ഇ-മെയില്‍ വിലാസത്തല്‍ അയക്കണം. ഫോണ്‍- 04933 295733, 9539367285.


സാമൂഹികാരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം

ചിത്തിരപുരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ പി നടത്തുന്നതിന്റെ ഭാഗമായി ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക തസ്തികയിലേക്ക് ഡോക്ടറുടെ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 8 രാവിലെ 11.00 ന് ചിത്തിരപുരം ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

നിശ്ചിത യോഗ്യതയുള്ള (എം.ബി.ബി.എസ് & റ്റി.സി.എം.സി രെജിസ്ട്രേഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, പകര്‍പ്പ്, ഒരു ഫോട്ടോ എന്നിവ സഹിതം നേരിട്ട് ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ സി.എച്ച്.സി ചിത്തിരപുരം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9605674491



പ്രിൻസിപ്പൽ വാക്ക്-ഇൻ-ഇന്റർവ്യൂ

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, കായംകുളം, ആലുവ, തൊടുപുഴ, കൊടുങ്ങല്ലൂർ, വളാഞ്ചേരി, വേങ്ങര, തലശ്ശേരി, പേരാമ്പ്ര എന്നിവടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് താൽക്കാലികമായി ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ പൂർണ്ണമായ ബയോഡാറ്റ, മാർക്ക്‌ലിസ്റ്റ്‌, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലുകൾ, പകർപ്പുകൾ എന്നിവ സഹിതം ജൂലൈ 16 (തിരുവനന്തപുരം, പത്തനംതിട്ട, കായംകുളം, ആലുവ, തൊടുപുഴ എന്നിവിടങ്ങളിലെ നിയമനത്തിന്), ജൂലൈ 17 (കൊടുങ്ങല്ലൂർ, വളാഞ്ചേരി, വേങ്ങര, തലശ്ശേരി, പേരാമ്പ്ര എന്നിവിടങ്ങളിലെ നിയമനത്തിന്) എന്നീ തീയതികളിൽ രാവിലെ 10 മണിക്ക് തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിലുള്ള ഫിഷറീസ് വകുപ്പിന്റെ കോൺഫറൻസ് ഹാളിൽ എത്തിച്ചേരണം. പ്രായം- 25 നും 67 നുമിടയിൽ (01.01.2026 അടിസ്ഥാനത്തിൽ).

യോഗ്യത- യൂണിവേഴ്‌സിറ്റികൾ, ഗവൺമെന്റ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ അല്ലെങ്കിൽ അദ്ധ്യാപക തസ്തികയിൽ നിന്നും വിരമിച്ചവരോ സർക്കാർ കോളേജ്/യൂണിവേഴ്‌സിറ്റി അദ്ധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം.

പരിചയം- വിദ്യാഭ്യാസ സ്ഥാപന മേധാവിയായോ പരീക്ഷാ പരിശീലനകേന്ദ്രങ്ങളുടെ ചുമതലയിലോ രണ്ട് വർഷത്തിൽ കുറയാതെ പരിചയമുള്ളവർക്കും ശാസ്ത്ര-മാനവിക വിഷയങ്ങളിൽ അദ്ധ്യാപന ഗവേഷണ പരിചയമുള്ളവർക്കും സർക്കാർ പദ്ധതി നിർവ്വഹണ പരിചയമുള്ളവർക്കും നിയമനത്തിൽ മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.mwdscholarship.kerala.gov.in , ഫോൺ : 0471-2300526, 2302090.

ഗസ്റ്റ് ലക്ചറർ അഭിമുഖം

കാര്യവട്ടം സർക്കാർ കോളേജിൽ ബോട്ടണി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 16 രാവിലെ 10.30ന് പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2417112, 9188900161.

തെറാപ്പിസ്റ്റ് കരാർ നിയമനം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന MCRC പദ്ധതിയിലേക്ക് വേണ്ടി സ്പീച്ച് തെറാപ്പിസ്റ്റ് (8 ഒഴിവുകൾ), ഫിസിയോ തെറാപ്പിസ്റ്റ് (ഒരു ഒഴിവ്) തസതികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് വേണ്ടി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.


മൂന്ന് വർഷത്തേക്കാണ് കരാർ നിയമനം, സ്പീച്ച് തെറാപ്പിസ്റ്റ്/ ഫിസിയോ തെറാപ്പിസ്റ്റ്മാരുടെ പ്രതിമാസ വേതനം 39.690 രൂപയാണ്.

താല്പര്യമുള്ളവർ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 9ന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസ്, സിവിൽ സ്റ്റേഷൻ, കാസർഗോഡ് എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9633651648 ൽ ബന്ധപ്പെടാവുന്നതാണ്.