ആംബുലൻസ് ഡ്രൈവർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ, വാർഡൻ, ലാബ് ടെക്നീഷ്യൻ, അധ്യാപക ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.


ആംബുലൻസ് ഡ്രൈവർ നിയമനം

നല്ലൂർനാട് ഗവ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് എച്ച് എം സി പദ്ധതി മുഖാന്തിരം ആംബുലൻസ് ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

ഏഴാം ക്ലാസ് യോഗ്യത, ഹെവി ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ പ്രവർത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 54 വയസ്. ഉദ്യോഗാർത്ഥികൾ നിശ്ചിത യോഗ്യതകളുടെ അസ്സലും പകർപ്പും സഹിതം ജൂലൈ 29ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ - 8606940942.

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫീസിലും ഓഫിസിൻ്റെ പരിധിയിലെ പൂതാടി, ചീങ്ങേരി, നൂൽപ്പുഴ, പുൽപള്ളി, സുൽത്താൻ ബത്തേരി ടി ഇ ഓഫിസുകളിലും പ്രവർത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു.

പ്രായപരിധി 2026 ജൂലൈ ഒന്നിന് 25നും 35 നും മദ്ധ്യേ. പ്രതിമാസം 13000 രൂപ ഹോണറേറിയത്തിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് താല്പര്യമുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവരും ഡാറ്റ എൻട്രി (ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറ്റിങ്) ഇൻ്റെർനെറ്റ്‌ എന്നിവയിൽ പരിജ്ഞാനമുള്ളവരുമായ സുൽത്താൻ ബത്തേരി താലൂക്കിൽ താമസിക്കുന്ന പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ടൈപ്പ് റൈറ്റിങ് പാസായവർക്ക് മുൻഗണന ഉണ്ടായിരിക്കും.

താല്പര്യമുള്ളവർ വെള്ള കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, കമ്പ്യൂട്ടർ പരിജ്ഞാനം, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സർട്ടിഫിക്കറ്റുകൾ സഹിതം സുത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിലെ പട്ടിക വർഗ വികസന ഓഫിസിൽ ജൂലൈ 23ന് രാവിലെ 10.30ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04936-221074

  

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

കണ്ണൂര്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻ്റലൂം ടെക്നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആൻ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ അസിസ്റ്റൻ്റ് പ്രൊഫസർ (ഇൻ്റീരിയർ ഡിസൈനിങ്ങ് ആന്‍റ് ഫർണിഷിങ്ങ്) തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എം.ആർക് അല്ലെങ്കിൽ എം.എസ്.സി ഇൻറീരിയർ ഡിസൈനിങ്ങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ജലൈ 31ന് വൈകുന്നേരം അഞ്ചിനകം എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻ്റ്ലൂം ടെക്നോളജി-കണ്ണൂർ, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം. ഫോണ്‍ -8281574390, 0497 2965390

വിട്' ശിശുപരിചരണ കേന്ദ്രത്തിൽ ആയമാരുടെ ഒഴിവ്: 25-ന് അഭിമുഖം

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ തൃശ്ശൂർ കോലഴി കൈതച്ചാൽ റോഡിൽ പ്രവർത്തിക്കുന്ന 'വിട്' ശിശുപരിചരണ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആയമാരെ നിയമിക്കുന്നു.

പ്ലസ് ടൂ അല്ലെങ്കിൽ പ്രീ-ഡിഗ്രി പാസായവരും, 28-നും 42-നും മധ്യേ പ്രായമുള്ളവരുമായ വനിതകൾക്ക് അപേക്ഷിക്കാം. കുട്ടികളുടെ പരിചരണ രംഗത്ത് പ്രവൃത്തിപരിചയവും മതിയായ സേവന താത്പര്യവുമുള്ളവരുമായിരിക്കണം ഉദ്യോഗാർത്ഥികൾ.

യോഗ്യരായവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂലൈ 25-ന് രാവിലെ 9.30-ന് 'വിട്' ശിശുപരിചരണ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകണം. ഫോൺ- 9207546043, 9745389920.


അതിഥി അധ്യാപക ഒഴിവ്

മലപ്പുറം ഗവ.കോളെജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഒഴിവുള്ള അതിഥി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നതിന് ജൂലൈ 20 ന് രാവിലെ 9.30 ന് അഭിമുഖം നടത്തും.

യു.ജി.സി.യോഗ്യതയുള്ള, കോഴിക്കോട് മേഖല കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് രേഖകള്‍ സഹിതം പങ്കെടുക്കാം. ഫോണ്‍- 9061734918, 0483-2734918.

പോളിടെക് നിക് കോളേജിൽ താൽക്കാലിക നിയമനം

പാലക്കാട് സർക്കാർ പോളിടെക് നിക് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് ജൂലൈ 22 ന് രാവിലെ പത്തിന് കൂടിക്കാഴ്‌ച നടക്കും.

ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മറ്റ് യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ കരുതണം. കൂടുതൽ വിവരങ്ങൾക്ക് www.gptcpalakkad.ac.in ൽ ലഭിക്കും. ഫോൺ:04912572640

മത്സ്യഫെഡ് സർവ്വീസ് സെന്ററിൽ മെക്കാനിക് നിയമനം

മത്സ്യഫെഡ് എടക്കഴിയൂർ ഔട്ട് ബോർഡ് മോട്ടോർ സർവ്വീസ് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ സർവ്വീസ് സെന്ററിലേക്ക് മെക്കാനിക്കുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷീനിസ്റ്റ്) ട്രേഡുകളിൽ യോഗ്യതയുള്ളവരും ഒ.ബി.എം സർവ്വീസിംഗിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരാണെങ്കിൽ ഒ.ബി.എം സർവ്വീസിംഗിൽ കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ, ഹൈഡ്രോളിക് പ്രസ്സ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം.

നിശ്ചിത യോഗ്യതയുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ജൂലൈ 30-നകം അപേക്ഷ സമർപ്പിക്കണം. വിലാസം- 'ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ്, വലപ്പാട് പി.ഒ, പിൻ കോഡ് - 680567'. ഫോൺ- 0487-2396106, 8113803232, 9526041111.


വനിതാ വാര്‍ഡന്‍ കൂടിക്കാഴ്ച

പുതുപ്പരിയാരം വനിതാ ഹോസ്റ്റലിലെ വനിതാ വാര്‍ഡന്‍ തസ്തികയിലേക്ക് താല്‍ക്കാലിക/കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.

യോഗ്യത- എസ്.എസ്.എല്‍.സി. പ്രായപരിധി- 2026 ജനുവരി ഒന്നിന് 30 നും 60 വയസിനും മധ്യേ. ഹോസ്റ്റല്‍ നടത്തിപ്പിലോ അഡ്മിനിസ്‌ട്രേഷനിലോ മുന്‍പരിചയമുള്ളവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും മുന്‍ഗണന.

പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകളുമായി ജൂലൈ 22ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2505638.

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ റേഡിയോളജിസ്റ്റ് ഒഴിവ്

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ അൾട്രാ സൗണ്ട് സ്കാനിംഗ് വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ റേഡിയോളജിസ്റ്റിനെ ആവശ്യമുണ്ട്.

എം.ബി.ബി.എസും എം.ഡിയും (റേഡിയോളജി) അല്ലെങ്കിൽ ഡി.എം.ആർ.ഡിയും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അൾട്രാ സൗണ്ട് സ്കാനിംഗ് രംഗത്ത് മുൻപരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. ആശുപത്രി വികസന സമിതി നിശ്ചയിക്കുന്ന നിരക്കിലായിരിക്കും വേതനം.

താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം താഴെ കാണുന്ന വിലാസത്തിൽ നേരിട്ടോ അല്ലെങ്കിൽ dhwadakanchery@gmail.com ഇ-മെയിൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കണം. ജൂലൈ 20ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. വിലാസം- സൂപ്രണ്ട്, ജില്ലാ ആശുപത്രി, വടക്കാഞ്ചേരി, കുമാരനെല്ലൂർ പി.ഒ., പിൻ - 680590. ഫോൺ- 04884 - 235214.


ലാബ് ടെക്നീഷ്യന്‍ നിയമനം

കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച് എം സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.

അപേക്ഷകര്‍ 40 വയസ് കവിയാത്തവരും ഡി എം എല്‍ ടി/ ബി എസ് സി എം എല്‍ ടിയും പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ ലഭിച്ചവരും ആയിരിക്കണം.

ബയോഡേറ്റ, വയസ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ പകര്‍പ്പ് സഹിതം ജൂലൈ 22ന് ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യ കേന്ദ്രത്തില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923 252930.

ഗസ്റ്റ് അധ്യാപക നിയമനം

വെച്ചൂച്ചിറ സർക്കാർ പോളിടെക്‌നിക് കോളേജിൽ നിലവിൽ ഒഴിവുള്ള ലക്ചറർ ഇൻ മാത്തമാറ്റിക്സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഗസ്‌റ്റ് അധ്യാപകരെ നിയമിക്കുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും, പി.എച്ച്.ഡി/നെറ്റ് ആണ് യോഗ്യത. പ്രസ്തുത യോഗ്യതയുടെ അഭാവത്തിൽ 60 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജ്വേറ്റ്, ഡിഗ്രി പാസ്സായ ഉദ്യോഗാർത്ഥികളെയും പരിഗണിക്കുന്നതാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, മാർക്ക്‌ലിസ്റ്റ്‌, പത്താം തരം / തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 22 രാവിലെ 10 മണിക്ക് വെച്ചുച്ചിറ സർക്കാർ പോളിടെക്നിക് കോളേജ് ഓഫീസിൽ ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.

ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു

സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രോജക്ട് ഓഫീസുകളിലും ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലും ഒഴിവുള്ള ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ, ബി.ആർ.സി ട്രെയിനർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഓരോ തസ്തികയിലേക്കും അപേക്ഷ അയയ്ക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെ സംബന്ധിച്ച വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ (www.ssakerala.in) ലഭ്യമാണ്.

ഡെപ്യൂട്ടേഷൻ നിയമനം

കേരള ലോകായുക്തയിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ (31100-66800), തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ. പാർട്ട്-1, ബയോഡേറ്റ (ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ആഗസ്റ്റ് 10 വൈകുന്നേരം 5ന് മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.