ഹോം ഗാർഡ്, ക്ലീനിംഗ് സ്റ്റാഫ്, കൗണ്ടർ സ്റ്റാഫ്, ഡോക്ടർ, കോ-ഓർഡിനേറ്റർ, തൊഴിൽമേള എന്നിവയുൾപ്പെടെ വിവിധ തസ്തികകളിലേക്ക് പുതിയ നിയമന വിജ്ഞാപനം. യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ രീതി, അവസാന തീയതി എന്നിവ പരിശോധിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.


ഹോം ഗാർഡ് നിയമനം

തൃശ്ശൂർ ജില്ലയിലെ ഹോം ഗാർഡ് ഒഴിവുകളിലേക്ക് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പത്താം ക്ലാസ് പാസ്സായ നല്ല ശാരീരിക ക്ഷമതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ആർമി, നേവി, എയർഫോഴ്‌സ്, ബി.എസ്.എഫ്, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എൻ.എസ്.ജി, എസ്.എസ്.ബി, അസാം റൈഫിൾസ് തുടങ്ങിയ സൈനിക/അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫയർ ആന്റ് റെസ്ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ് എന്നീ സംസ്ഥാന സർവീസുകളിൽ നിന്നും വിരമിച്ച പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. 35-നും 58-നും ഇടയിലാണ് പ്രായപരിധി. പോലീസ് കമ്മീഷണർ ചെയർമാനും, സൈനിക വെൽഫെയർ ഓഫീസർ മെമ്പറും, ജില്ലാ ഫയർ ഓഫീസർ കൺവീനറുമായ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

ഹോം ഗാർഡ് തസ്തികയിലേക്ക് പരിഗണിക്കുന്നതിനായി അപേക്ഷകർ 100 മീറ്റർ ദൂരം 18 സെക്കൻഡിനുള്ളിൽ ഓടിയെത്തുക, മൂന്ന് കിലോമീറ്റർ ദൂരം 30 മിനിറ്റിനുള്ളിൽ നടന്നെത്തുക എന്നീ ശാരീരിക ക്ഷമതാ പരീക്ഷകളിൽ വിജയിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് യൂണിഫോം വാങ്ങുന്നതിനായി 3000/- രൂപ വീതവും ജോലി ചെയ്യുന്ന ദിവസങ്ങളിൽ പ്രതിദിനം 870/- രൂപ നിരക്കിൽ വേതനവും ലഭിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് തൃശ്ശൂർ ജില്ലാ ഫയർ ഓഫീസർക്കാണ് നൽകേണ്ടത്. അപേക്ഷാഫോമിന്റെ മാതൃക ജില്ലാ ഫയർ ഓഫീസിൽ ലഭ്യമാണ്. ജൂലൈ 22 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ നമ്പർ: 9497920183



തൊഴിൽമേള ജൂലൈ നാലിന്

ജില്ലാ എംപ്ലോയബിലിറ്റി സെന്റർ നാല് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 250ൽ അധികം ഒഴിവുകളിലേക്ക് ജൂലൈ നാല് ശനിയാഴ്ച രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് അഭിമുഖം നടത്തുന്നു.

അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 8138908657, 0481-2563451.

മത്സ്യത്തൊഴിലാളി ബോര്‍ഡില്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കോഴിക്കോട് റീജിയണല്‍ ഓഫീസിനു കീഴിലുളള വടകര, തിക്കോടി, ബേപ്പൂര്‍, താനൂര്‍ ഫിഷറീസ് ഓഫീസുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു.

ഡ്രിഗ്രിയും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ഒന്‍പതിന് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നേരില്‍ ഹാജരാകണം. ഫോണ്‍- 0495-2383472.

ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്കാലിക നിയമനം

തോളൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി മുഖാന്തിരം ക്ലീനിംഗ് സ്റ്റാഫ്, കൗണ്ടർ സ്റ്റാഫ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

179 ദിവസത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം. പത്താം ക്ലാസ് പാസായ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് കൗണ്ടർ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. ജൂലൈ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് തോളൂർ ബി.എഫ്.എച്ച്.സി കോൺഫറൻസ് ഹാളിലാണ് അഭിമുഖം.

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. ജൂലൈ ഏഴിന് വൈകിട്ട് മൂന്നിന് കോൺഫറൻസ് ഹാളിലാണ് അഭിമുഖം.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ- 0487-2285746. ഇമെയിൽ- bphctholur@gmail.com.

  

ആരോഗ്യ വകുപ്പിൽ ഡോക്ടർമാരുടെ താത്കാലിക ഒഴിവ്

തൃശ്ശൂര്‍ ജില്ലയിൽ ആരോഗ്യ വകുപ്പിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, അസിസ്റ്റന്റ് സർജൻ, സിവിൽ സർജൻ, തത്തുല്യ തസ്തികകളിൽ അഡ്‌ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

ജൂലൈ ഒമ്പതിന് രാവിലെ പത്തിന് ജില്ലാ മെഡിക്കൽ ഓഫീസിലാണ് (ആരോഗ്യം) വാക് ഇൻ ഇന്റർവ്യൂ.

താത്പര്യമുള്ളവർ ടി.സി.എം.സി. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, എം.ബി.ബി.എസ് ബിരുദ സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്നതിനുള്ള രേഖ (എസ്.എസ്.എൽ.സി. അല്ലെങ്കിൽ പ്ലസ് ടൂ സർട്ടിഫിക്കറ്റ്), തിരിച്ചറിയൽ രേഖ (ആധാർ കാർഡ് അല്ലെങ്കിൽ ഇലക്ഷൻ ഐ.ഡി കാർഡ്) എന്നിവയുടെ അസലും പകർപ്പുകളും സഹിതം ഹാജരാകണം.

എഞ്ചിനീയറിംഗ് കോളേജിൽ താൽക്കാലിക ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ (IHRD) കീഴിൽ പ്രവർത്തിക്കുന്ന ആറ്റിങ്ങൽ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വിവിധ തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രിക്കൽ), ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ), വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം) എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുകളുള്ളത്.

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് എഐസിടിഇ (AICTE) നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ഫസ്റ്റ് ക്ലാസോടെ പാസായ ത്രിവത്സര ഇലക്ട്രിക്കൽ ഡിപ്ലോമയോ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബിഎസ്സി ഇലക്ട്രിക്കൽ ബിരുദമോ ആണ് യോഗ്യത. ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് എസ്എസ്എൽസി വിജയവും ബന്ധപ്പെട്ട ട്രേഡിൽ (ഇലക്ട്രിക്കൽ) നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുമാണ് (NTC) യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്‌ട്രേറ്റർ (ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗം) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ഫസ്റ്റ് ക്ലാസോടെയുള്ള ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമയോ അല്ലെങ്കിൽ ഇലക്ട്രോണിക്‌സിൽ ഫസ്റ്റ് ക്ലാസ് ബിഎസ്സി ബിരുദമോ ഉണ്ടായിരിക്കണം.

താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 7 രാവിലെ 10ന് ബന്ധപ്പെട്ട എല്ലാ അസൽ രേഖകളും സഹിതം കോളേജിൽ നടക്കുന്ന ഇന്റർവ്യൂവിന് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: 0470-2627400.


ഗസ്റ്റ് ലക്ചറർ ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃത സ്‌പെഷ്യൽ വ്യാകരണ വിഭാഗത്തിൽ ഈ അധ്യയന വർഷം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ച്ചറർമാരെ നിയമിക്കുന്നു.

ഇതിനായി ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജൂലൈ 10 രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ബന്ധപ്പെട്ട വിഷയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി. മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9188900159.

സിമെറ്റിൽ പ്രിൻസിപ്പൽ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിലും സിമെറ്റിന് കീഴിലുള്ള നഴ്സിങ് കോളേജുകളിലുമായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് എം.എസ്.സി. നഴ്സിങ് യോഗ്യതയും 15 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി., പ്രസിദ്ധീകരണങ്ങൾ എന്നിവ അഭിലഷണീയമാണ്. അപേക്ഷകൾ ജൂലൈ 15 വൈകിട്ട് 5നകം ഡയറക്ടർ, സിമെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം- 695035 എന്ന വിലാസത്തിൽ ലഭിക്കണം. 90,000 രൂപയാണ് പ്രതിമാസ വേതനം. പ്രായപരിധി 58 വയസ്സ്.

സിമെറ്റ് നഴ്സിങ് കോളേജുകളിലെ സീനിയർ സൂപ്രണ്ട് തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സർക്കാർ, പൊതുമേഖല, അർധസർക്കാർ സ്ഥാപനങ്ങളിൽ സീനിയർ സൂപ്രണ്ട് അല്ലെങ്കിൽ അതിനു മുകളിലുള്ള തസ്തികയിൽ നിന്ന് വിരമിച്ച ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 59 വയസ് കവിയരുത്. പർച്ചേസ്, അക്കൗണ്ട്‌സ്, ബജറ്റിംഗ്, ഓഡിറ്റ് മേഖലകളിലെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ജൂലൈ 15നകം സമർപ്പിക്കണം. 30,995 രൂപയാണ് പ്രതിമാസ വേതനം.

കൂടാതെ, സിമെറ്റിന്റെ നഴ്സിങ് കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ ലെക്ചറർ, ലെക്ചറർ തസ്തികകളിലേക്കുള്ള കരാർ നിയമനത്തിനും അപേക്ഷ ക്ഷണിച്ചു. എം.എസ്.സി. നഴ്സിങ്ങും ബന്ധപ്പെട്ട പ്രവൃത്തിപരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 15 വൈകിട്ട് 5നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in, 0471-2302400, 9446028080.


വനിതാ കോഡിനേറ്റർ, കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്റർ ഒഴിവുകൾ

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ജ്വാലാ ജാഗ്രത സമിതി പദ്ധതിയുടെ ഭാഗമായി കോഡിനേറ്റർ, കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്റർ തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ജൂലൈ 7-ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിലാണ് അഭിമുഖം.

കോഡിനേറ്റർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. പ്രതിമാസ ഓണറേറിയം 25,000 രൂപ. 25 മുതൽ 45 വയസ്സ് വരെയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്ന് എം.എസ്.ഡബ്ല്യു./ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ വിമൺ സ്റ്റഡീസ് വിഷയങ്ങളിലേതെങ്കിലും ഒന്നിൽ റെഗുലർ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും സ്ത്രീ ശാക്തീകരണ മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

കമ്മ്യൂണിറ്റി വിമൻസ് ഫെസിലിറ്റേറ്റർ തസ്തികയിലും ഒരു ഒഴിവാണുള്ളത്. പ്രതിമാസ ഓണറേറിയം 17,000 രൂപ. 25 മുതൽ 45 വയസ്സ് വരെയുള്ള തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു./ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ വിമൺ സ്റ്റഡീസ് വിഷയങ്ങളിലേതെങ്കിലും ഒന്നിൽ റെഗുലർ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധമാണ്.

ഉദ്യോഗാർഥികൾ ജൂലൈ 7-ന് രാവിലെ 10.30-ന് എസ്.എസ്.എൽ.സി., വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം.