Kerala Govt Jobs 2026: കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി മിഷൻ കോ-ഓർഡിനേറ്റർ, ടീച്ചർ, ആയ, പ്രോജക്ട് ഫെല്ലോ, ലക്ചറർ, ലാബ് ടെക്നീഷ്യൻ, മെഡിക്കൽ ഓഫീസർ, യങ് പ്രൊഫഷണൽ, ഫീൽഡ് കം ഹാച്ചറി സ്റ്റാഫ്, അക്കൗണ്ട്സ് ഓഫീസർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. താൽക്കാലികം, കരാർ, ദിവസവേതനം, വാക്ക്-ഇൻ ഇന്റർവ്യൂ തുടങ്ങിയ രീതികളിലാണ് അവസരങ്ങൾ. അപേക്ഷാ തീയതി, ശമ്പളം, യോഗ്യത, അഭിമുഖ തീയതി, അപേക്ഷിക്കേണ്ട വിധം എന്നിവയുടെ വിശദാംശങ്ങൾ അറിയാം.


സാഫ് തൃശൂർ ജില്ലയിൽ മിഷൻ കോ-ഓർഡിനേറ്റർ നിയമനം

ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെൻ തൃശൂർ ജില്ലാ നോഡൽ ഓഫീസിലേക്ക് മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ലൈവ്‍ലിഹുഡ് പ്രോജക്ടുകളിൽ മുൻപരിചയവും ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസാണ്. ഫിഷറീസ് വകുപ്പിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് ലഭിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. പ്രതിമാസ വേതനം 30,000 രൂപയാണ്.

താത്പര്യമുള്ളവർ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ അസലും പകർപ്പും സഹിതം ഓഗസ്റ്റ് 31-ന് രാവിലെ 10.30-ന് അഴിക്കോട് റീജിയണൽ ഹാച്ചറിയിൽ നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0480 2819698 എന്ന നമ്പറിൽ ബന്ധപ്പെടുക.

മോഡല്‍ പ്രീ സ്‌കൂളുകളില്‍ ടീച്ചര്‍, ആയ തസ്തികകളില്‍ ഒഴിവ്

നിലമ്പൂര്‍ ഐ.ടി.ഡി.പി.യ്ക്ക് കീഴിലെ വിവിധ മോഡല്‍ പ്രീ സ്‌കൂളുകളില്‍ ടീച്ചര്‍, ആയ (ഹെല്‍പര്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം. പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ഇരുട്ടുകുത്തി, വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ പുഞ്ചക്കൊല്ലി, ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയം എന്നിവിടങ്ങളിലെ മോഡല്‍ പ്രീ സ്‌കൂളുകളിലാണ് ഒഴിവുകളുള്ളത്. രണ്ടു തസ്തികകളിലും മൂന്ന് ഒഴിവുകള്‍ വീതമാണുള്ളത്.

അപേക്ഷകര്‍ 18-നും 56-നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി./ടി.എസ്.എല്‍.സി.യോഗ്യതയോടൊപ്പം പി.പി.ടി.ടി.സി. അല്ലെങ്കില്‍ പ്രീപ്രൈമറി ടി.ടി.സി. പാസായിരിക്കണം. പ്രതിമാസം പരമാവധി 13,000 രൂപ വരെ ഓണറേറിയം ലഭിക്കും.

ആയ തസ്തികയിലേക്ക് ഏഴാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് വേണ്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലോ വകുപ്പിന്റെ പ്രീ സ്‌കൂള്‍/അങ്കണവാടി/ഡേ കെയര്‍ കേന്ദ്രങ്ങളിലോ ആയയായി കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. ആയ തസ്തികയ്ക്ക് പ്രതിമാസം പരമാവധി 9,000 രൂപയാണ് ഓണറേറിയം. നിയമനത്തിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് മുന്‍ഗണന.

സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ പിന്നോക്ക പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പ്രത്യേക മുന്‍ഗണനയുണ്ടാകും. ഇവരുടെ അഭാവത്തില്‍ പട്ടികജാതി വിഭാഗക്കാരെയും പരിഗണിക്കും. തെരഞ്ഞെടുപ്പ് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 29-ന് വൈകുന്നേരം അഞ്ചിനകം അപേക്ഷകള്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസില്‍ ലഭ്യമാണ്. ഫോണ്‍- 04931-220315.


കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

പ്രിപ്പെയറിങ് ദി സിറ്റി ബയോഡൈവേഴ്സിറ്റി ഇൻഡക്സ് ഫോർ തിരുവനന്തപുരം വിത്ത് ആൻ ഇന്റഗ്രേറ്റഡ് അർബൻ നേച്ചർ ഇൻഡക്സ് ഫ്രെയിംവർക്ക്' എന്ന ഗവേഷണ പദ്ധതിയിലാണ് നിയമനം.

2027 ഫെബ്രുവരി 22 വരെ കാലാവധിയുള്ള ഈ പദ്ധതിയിലേക്ക് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ഓഗസ്റ്റ് 31-ന് രാവിലെ പത്തിന് കെ.എഫ്.ആർ.ഐയുടെ പീച്ചി ഓഫീസിൽ അഭിമുഖം നടത്തും. വെബ്സൈറ്റ്- www.kfri.res.in.

അധ്യാപകരെ അവശ്യമുണ്ട്

നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആഗസ്റ്റ് 31 തിങ്കളാഴ്ച എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.

യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സ് എന്‍ജിനീയറിങ് ബിരുദം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 -234082. ഇമെയില്‍-gptcnedumkandam.ac.in


ലാബ് ടെക്നീഷ്യൻ

ഫോർട്ട് ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമയും പാരാമെഡിക്കൽ കൗൺസിൽ രജിസട്രേഷനും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

താത്പര്യമുള്ളവർ ആഗസ്റ്റ് 31നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2471766, 2471788.

കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖം

കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 31രാവിലെ 11 മണിക്ക് കോട്ടുകാൽ കുടുംബ ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 7994697231

ഗവേഷണ സ്ഥാപനത്തിൽ ഒഴിവ്

വിഴിഞ്ഞം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ യങ് പ്രൊഫഷണലിന്റേയും ഫീൽഡ് കം ഹാച്ചറി സ്റ്റാഫിന്റേയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.cmfri.org.in


അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സിമെറ്റ് ഡയറക്ടറേറ്റിൽ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് സെക്രട്ടേറിയേറ്റ് ധനകാര്യ വകുപ്പിൽ നിന്നും ഡെപ്യൂട്ടി സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള തസ്തികയിൽനിന്നും വിരമിച്ച 59 വയസ്സ് തികയാത്തവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഫീസ് സിമെറ്റിന്റെ വെബ്‌സൈറ്റിലുള്ള SB Collect link/Challan മുഖേന അടയ്ക്കാവുന്നതാണ്.

www.simet.in ൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ പകർപ്പുകൾ സഹിതം ഡയറക്ടർ, സി-മെറ്റ് പാറ്റൂർ വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ആഗസ്റ്റ് 29നകം അയക്കണം. മുൻപ് അപേക്ഷിച്ചവർ അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് www.simet.in സന്ദർശിക്കുക. ഫോൺ: 0471 2302400, 9446028080.