ഫാർമസിസ്റ്റ്, ആശാ വർക്കർ, നഴ്സിംഗ് ഓഫീസർ, മെഡിക്കൽ ഓഫീസർ, ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിൽ പുതിയ ജോലി അവസരങ്ങൾ. കേരളത്തിലെ സർക്കാർ, ആരോഗ്യ മേഖല എന്നിവയുമായി ബന്ധപ്പെട്ട പുതിയ റിക്രൂട്ട്മെന്റുകളുടെ ഒഴിവുകൾ, ശമ്പളം, അപേക്ഷാ രീതി, തിരഞ്ഞെടുപ്പ് നടപടികൾ, പ്രധാന തീയതികൾ തുടങ്ങിയ വിവരങ്ങൾ അറിയാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം.



ഫാര്‍മസിസ്റ്റ് ഒഴിവ് : കൂടിക്കാഴ്ച ആഗസ്റ്റ് പത്തിന്

കപ്പൂര്‍ (പറക്കുളം) കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് 179 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

ഒരു ഒഴിവാണ് നിലവിലുള്ളത്. പ്രായപരിധി: 18 - 40 വയസ്സ്.വിദ്യാഭ്യാസ യോഗ്യത( ജനറല്‍): സയന്‍സ് സ്ട്രീമില്‍ പ്രീ-ഡിഗ്രി / പ്ലസ് ടു / വി.എച്ച്.എസ്.സി. വിജയിച്ചിരിക്കണം. സാങ്കേതിക യോഗ്യത: ബാച്ചിലര്‍ ഓഫ് ഫാര്‍മസി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി കൂടാതെ കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന ലഭിക്കും. 

താല്‍്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് പത്തിന് രാവിലെ 10.30ന് കപ്പൂര്‍ (പറക്കുളം) കുടുംബ ആരോഗ്യകേന്ദ്രത്തില്‍ നേരിട്ട് എത്തിച്ചേരണം. ഫോണ്‍: 0466 2277676, 9497322123.

ഫാർമസിസ്റ്റ് നിയമനം

കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി മുഖേന ഫാർമസിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. 

നിലവിലുള്ള ഫാർമസിസ്റ്റ് അവധിയിൽ പോകുന്ന ദിവസങ്ങളിലേക്ക് മാത്രമാണ് നിയമനം. ബി ഫാം/ഡി ഫാമാണ് യോഗ്യത. ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. അധിക യോഗ്യതയുള്ളവർക്കും കോട്ടത്തറ ഗ്രാമ പഞ്ചായത്തിലുള്ളവർക്കും മുൻഗണന. 

ഉദ്യോഗാര്‍ത്ഥികള്‍ സർട്ടിഫിക്കറ്റുകളുടെ അസല്‍, പകർപ്പു്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ഓഗസ്റ്റ് 13ന് രാവിലെ 10.30ന് കോട്ടത്തറ കുടുംബാരോഗ്യകേന്ദ്രത്തിൽ കൂടിക്കാഴ്‌ചക്ക് എത്തണം. ഫോൺ: 04936 298082


അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ & അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒഴിവ്

മലപ്പുറം ജില്ലയിലെ വിവിധ കോടതികളിലേക്ക് അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ & അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികകളില്‍ പാനല്‍ തയ്യാറാക്കുന്നതിനായി അര്‍ഹരായ അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയവും 60 വയസ്സില്‍ താഴെ പ്രായവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, അഭിഭാഷക പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ്, കൈകാര്യം ചെയ്ത കേസുകളുടെ വിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 17-ന് വൈകീട്ട് അഞ്ചിനകം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റുമായോ ബാര്‍ അസോസിയേഷനുകളുമായോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0483 2739584.

ആശാ വര്‍ക്കര്‍ ഒഴിവ്

തെന്നല ഗ്രാമപഞ്ചായത്തിലെ 6, 12 എന്നീ വാര്‍ഡുകളില്‍ ഒഴിവുള്ള ആശാ വര്‍ക്കര്‍ തസ്തികകളിലേക്ക് യോഗ്യരായ സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

പത്താം ക്ലാസ് പാസ്സായ, 25-നും 45-നും ഇടയില്‍ പ്രായമുള്ള, അതത് വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായ വിവാഹിതര്‍ക്ക് (വിവാഹിത, വിവാഹമോചനം നേടിയവര്‍, വിധവകള്‍) അപേക്ഷിക്കാം. മുന്‍ ആശാ പ്രവര്‍ത്തകര്‍ക്കും ആരോഗ്യമേഖലയില്‍ സന്നദ്ധസേവനം നടത്തിയവര്‍ക്കും മുന്‍ഗണന നല്‍കും. 

താല്പര്യമുള്ളവര്‍ യോഗ്യത, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ഓഗസ്റ്റ് 11-ന് രാവിലെ 11 ന് തെന്നല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0494 2496006, 9037835924.


പ്ലീഡര്‍ ടു ഡു വര്‍ക്ക് നിയമനം

ഇടുക്കി ജില്ലയിലെ പീരുമേട്, ഇടുക്കി എന്നീ മുന്‍സിഫ് കോര്‍ട്ട് സെന്ററുകളിലെ പ്ലീഡര്‍ ടു ഡു വര്‍ക്ക് തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. 

നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് 7 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ജനനതീയതി, എന്റോള്‍മെന്റ് തീയതി, പ്രവര്‍ത്തി പരിചയം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, ഏത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ വിശദമായ ബയോഡേറ്റയും ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എന്റോള്‍മെന്റ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൂടാതെ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവ സ്വഭാവമുളള മൂന്ന് സെഷന്‍സ് കേസുകളുടെ ജഡ്ജ്മെന്റ് പകര്‍പ്പുകളും സഹിതം ആഗസ്റ്റ് 13 വൈകിട്ട് 5 മണിക്ക് മുന്‍പായി ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232242, 04862-232303

ചാലക്കുടി വിമുക്തി മിഷൻ ഡി-അഡിക്ഷൻ സെന്ററിൽ നേഴ്‌സിംഗ് ഓഫീസർ വാക്ക്-ഇൻ ഇന്റർവ്യൂ 14-ന്

എക്സൈസ് വകുപ്പിന്റെ കീഴിൽ ചാലക്കുടി താലൂക്ക് സർക്കാർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി മിഷൻ ഡി-അഡിക്ഷൻ സെന്ററിലേക്ക് നേഴ്‌സിംഗ് ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഓഗസ്റ്റ് 14-ന് രാവിലെ 11-ന് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലാണ് വാക് ഇൻ ഇന്റർവ്യൂ.

ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് യോഗ്യതയും കേരള നേഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉയർന്ന പ്രായപരിധി 40 വയസാണ്. പ്രതിമാസം 32,550/- രൂപയാണ് വേതനം. നിയമന കാലാവധി ഓരോ വർഷവും പുതുക്കി പരമാവധി 3 വർഷം ആയിരിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിർദ്ദിഷ്ട തീയതിയിലും സമയത്തും അഭിമുഖത്തിന് ഹാജരാകണം.


ആശ വർക്കർ നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ആശ വർക്കറെ നിയമിക്കുന്നു. പത്താം ക്ലാസ് യോഗ്യതയുള്ള 25 നും 45 നും മദ്ധ്യേപ്രായമുള്ള വിവാഹിതർക്ക് അപേക്ഷിക്കാം. 

ഏഴാം വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന. താത്പര്യമുള്ളവര്‍ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡാറ്റ എന്നിവയുമായി ഓഗസ്റ്റ് 13ന് രാവിലെ 11.30ന് കോട്ടത്തറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9947657005

മെഡിക്കൽ ഓഫീസർ തസ്തികയിൽ താത്കാലിക നിയമനം

പാലക്കാട് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഹിന്ദു നാടാർ വിഭാഗത്തിന് സംവരണം ചെയ്ത മെഡിക്കൽ ഓഫീസർ (വിഷ) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. 

ബി എ എം എസും, വിഷ/ അഗതതന്ത്രയിൽ എം ഡി യോഗ്യതയും, കേരള മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 

ശമ്പള സ്‌കെയിൽ 55,200-1,15,300 രൂപ. പ്രായപരിധി 01/01/2026 ന് 22 നും 46 നും മധ്യേ. ഹിന്ദു നാടാർ വിഭാഗത്തിൽ ഉൾപ്പെട്ട തത്പരരായ ഉദ്യോഗാർഥികൾ ആഗസ്റ്റ് 13 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ ഒ സി ഹാജരാക്കണം.

സെക്കൻഡറി പാലിയേറ്റീവ് ഡ്രൈവർ നിയമനം

മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് സെക്കൻഡറി പാലിയേറ്റീവ് ഡ്രൈവർ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. 

ഉദ്യോഗാർത്ഥികൾക്ക് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ഹെവി വെഹിക്കിൾ ലൈസൻസും ഉണ്ടായിരിക്കണം. താത്പര്യമുള്ള അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കണം. ഓഗസ്റ്റ് പത്തിന് വൈകിട്ട് നാല് വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0487-2261840.


ഫെസിലിറ്റേറ്ററെ ആവശ്യമുണ്ട്

മുഖത്തല ബ്ലോക്കിന്റെ 'സുന്ദര സായാഹ്നം' പ്രോജക്ടിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കും. യോഗ്യത:- ബി.എസ്.ഡബ്ല്യൂ. ഇവരുടെ അഭാവത്തില്‍ ബി.എ സോഷ്യോളജി ഉള്ളവരെയും പരിഗണിക്കും. 

മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും ഓഗസ്റ്റ് 17നകം മുഖത്തല ശിശുവികസനപദ്ധതിഓഫീസര്‍ക്ക് ലഭ്യമാക്കണം. ഫോണ്‍: 0474 2504411, 8281999106.

അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ നിയമനം

എറണാകുളം ജില്ലയിലെ വിവിധ കോടതികളിലെ അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടറുടെ തസ്തികകളിലേക്ക് വ്യവസ്ഥകൾക്ക് വിധേയമായി പുതിയ അഭിഭാഷകരെ നിയമിക്കുന്നതിലേക്കായി യോഗ്യരായ അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു.

നിശ്ചിത യോഗ്യത ഉള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം. 

അപേക്ഷയോടൊപ്പം ജനനത്തിയതി, എൻറോൾമെന്റ് നമ്പർ & തിയതി, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, അപേക്ഷകർ ഉൾപ്പെടുന്ന പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ വിശദമായ രണ്ട് സെറ്റ് ബയോഡാറ്റയും ജനനത്തീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, ബിരുദം, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, കൈകാര്യം ചെയ്ത ഏതെങ്കിലും മൂന്ന് കേസുകളുടെ ( സിവിൽ/ ക്രിമിനൽ ) വിധിപ്പകർപ്പ്, തിരിച്ചറിയൽ രേഖ, പട്ടികജാതി/വർഗ വിഭാഗത്തിൽപെട്ട അപേക്ഷകരാണെങ്കിൽ ആറു മാസത്തിനുള്ളിൽ വാങ്ങിയ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എന്നിവ ഉള്ളടക്കം ചെയ്യണം. അപേക്ഷ സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്ടറേറ്റ്, സിവിൽ സ്റ്റേഷൻ, കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ 2026 ആഗസ്റ്റ് 14 വൈകിട്ട് നാലു മണിക്ക് മുൻപായി ലഭിക്കണം.